ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍െറ തെറ്റായ തീരുമാനത്തില്‍ ജോലിനഷ്ടമായെന്ന് യുവതി

കോട്ടയം: ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍െറ തെറ്റായ തീരുമാനത്തില്‍ ജോലി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ശാരീരികന്യൂനതയുള്ള യുവതി മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. കോട്ടയം ടി.ബിയില്‍ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി നടത്തിയ സിറ്റിങ്ങിലാണ് തെള്ളകം സ്വദേശിനി എമിലിയുടെ പരാതി. സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ് നിയമനത്തിന്‍െറ ഇന്‍റര്‍വ്യൂ സമയത്ത് സര്‍ട്ടിഫിക്കറ്റ് പരിശോധന വേളയില്‍ ബി.കോം സ്റ്റാറ്റിസ്റ്റിക്സ് ഒരുവിഷയമായി പഠിക്കാത്തത് ചൂണ്ടിക്കാട്ടി അയോഗ്യത കല്‍പിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഏതെങ്കിലും ബിരുദമാണ് യോഗ്യതയായി കണക്കായിരുന്നത്. ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍െറ തെറ്റായ തീരുമാനം മൂലമാണ് ജോലി നഷ്ടമായതെന്ന യുവതിയുടെ പരാതി അന്വേഷിക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. സുപ്രീംകോടതി വിധിച്ചിട്ടും പെന്‍ഷന്‍ തടഞ്ഞുവെച്ചെന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ഗോപിയുടെ പരാതി ഉടന്‍ തീര്‍പ്പുകല്‍പിക്കാന്‍ വകുപ്പ് മേധാവിയോട് കമീഷന്‍ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായിരുന്ന ഗോപിക്ക് വിരമിച്ച് 46 മാസം കഴിഞ്ഞിട്ടും പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ഇതിനെതിരെ ഹൈകോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍നിന്ന് അനുകൂല വിധിവന്നിട്ടും പെന്‍ഷന്‍ നല്‍കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. പെന്‍ഷന്‍ തുക നല്‍കണമെങ്കില്‍ 10 വര്‍ഷം തികച്ച് ജോലിയില്‍ ഉണ്ടാകണമെന്നതാണ് കെ.എസ്.ആര്‍.ടി.സി നിയമം. 10 വര്‍ഷം സര്‍വീസ് തികയാന്‍ 12 ദിവസം കുറവുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പെന്‍ഷന്‍ തടയുകയായിരുന്നു. താല്‍ക്കാലിക നിയമനത്തത്തെുടര്‍ന്നാണ് ഗോപി കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്ക് പ്രവേശിക്കുന്നത്. പിന്നീട് 22 വര്‍ഷത്തെ സര്‍വീസിനുശേഷം എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതോടെ സ്ഥിരം ജീവനക്കാരനായി മാറി. ഇക്കാലയവില്‍ മകളുടെ അസുഖത്തത്തെുടര്‍ന്ന് കുറച്ചുകാലം അവധിയെടുത്ത് മാറിനിന്നിട്ടുമുണ്ട്. 2014 ജനുവരി ആറിന് ഹൈകോടതില്‍നിന്ന് പെന്‍ഷന്‍ നല്‍കാന്‍ വിധിച്ചു. പിന്നീട് ഫെബ്രുവരി എട്ടിന് സുപ്രീംകോടതി ഈവിധി ശരിവെച്ചെങ്കിലും പെന്‍ഷന്‍ അനുവദിക്കുന്നതില്‍ വിമുഖത കാണിച്ചതോടെയാണ് വിഷയം മനുഷ്യാവകാശ കമീഷന് മുന്നില്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.