റേഷന്‍ കടകളില്‍ ക്രമക്കേടും കൃത്യവിലോപവും

അടിമാലി: ദേവികുളം നിയോജകമണ്ഡലത്തിലെ റേഷന്‍ കടകളില്‍ ക്രമക്കേടും കൃത്യവിലോപവും നടക്കുന്നതായി പരാതി. ഇതുമൂലം ബി.പി.എല്‍-എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ വലയുകയാണ്. മണ്ഡലത്തില്‍ മിക്ക റേഷന്‍ കടകളും യഥാസമയം തുറക്കുന്നില്ളെന്നും പരാതിയുണ്ട്. ബി.പി.എല്‍ വിഭാഗത്തിന് അനുവദിച്ച ഒരുരൂപ നിരക്കിലെ 25 കിലോ അരിയും എ.പി.എല്ലുകാരുടെ രണ്ടുരൂപ നിരക്കിലെ 10 കിലോ അരിയും എ.എ.വൈ കാര്‍ഡുകാര്‍ക്ക് ഒരുരൂപ നിരക്കിലെ 35 കിലോ അരിയും യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് കിട്ടുന്നില്ല. അനുവദിച്ച മൊത്തം അരി വിഹിതത്തിന്‍റ ഭൂരിപക്ഷവും റേഷന്‍ കടക്കാര്‍ ചില സ്വകാര്യ ഹോള്‍സെയില്‍ വ്യാപാരികള്‍ക്ക് മറിച്ചുവില്‍ക്കുകയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കാര്‍ഡുടമകള്‍ റേഷനരിക്ക് കടകളില്‍ ചെല്ലുമ്പോള്‍ സ്റ്റോക്കില്ളെന്ന പതിവ് ശൈലി പറഞ്ഞ് മടക്കി അയക്കും. മാങ്കുളം, അടിമാലി, പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം, വട്ടവട, മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, രാജാക്കാട്, രാജകുമാരി, വെള്ളത്തൂവല്‍, കൊന്നത്തടി, സേനാപതി പഞ്ചായത്തുകളിലെ മിക്ക റേഷന്‍ കടകളും വല്ലപ്പോഴും മാത്രമാണ് തുറക്കുന്നത്. ഉള്‍പ്രദേശങ്ങളിലെ കടകള്‍ അടച്ചിട്ട നിലയിലാണ്. റേഷന്‍ കടക്കാരില്‍നിന്ന് ശേഖരിക്കുന്ന അരി സ്വകാര്യ ഹോള്‍സെയില്‍ കട നടത്തിപ്പുകാര്‍ കളര്‍ ചേര്‍ത്ത് കുത്തരിയാക്കി മാറ്റുന്നുണ്ടത്രേ. ഇതിന് അടിമാലി, ശാന്തന്‍പാറ, മൂന്നാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യത്തോടെ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നു. തമിഴ്നാട്ടില്‍ വില്‍ക്കുന്ന ഒരുരൂപ അരിയും ഇത്തരം ഗോഡൗണുകളില്‍ എത്തിച്ച് കുത്തരിയാക്കി മാറ്റുന്നുണ്ട്. ഇതിന് പിന്നില്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിച്ചിട്ടും നടപടിയില്ല. ഓണത്തിന് അനുവദിച്ച അരി, മണ്ണെണ്ണ എന്നിവ വ്യാപകമായി മിറച്ചുവിറ്റതായും ആരോപണം ഉയര്‍ന്നിരുന്നു. ജില്ലയില്‍ മറ്റെല്ലാ താലൂക്കിലും ഓണത്തിന് പഞ്ചസാര നല്‍കിയപ്പോള്‍ ദേവികുളം താലൂക്കില്‍ എത്തിയില്ല. ദേവികുളം താലൂക്ക് സപൈ്ള ഓഫിസറുടെ അധീനതയിലുള്ള ഭൂരിഭാഗം റേഷന്‍ കടകളിലും സ്ഥിതി ഇതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.