വില കുതിക്കുന്നു; വെളിച്ചെണ്ണയില്‍ സര്‍വത്ര മായം

കാട്ടാക്കട: വില കുത്തനെ കൂടിയതോടെ കവറുകളില്‍ നിറച്ച് വില്‍ക്കുന്നതുള്‍പ്പെടെ വെളിച്ചെണ്ണയില്‍ സര്‍വത്ര മായം. കര്‍ണര്‍ ഓയിലും തേങ്ങ എണ്ണയും ചേര്‍ത്താണ് വെളിച്ചെണ്ണയെന്ന പേരില്‍ കച്ചവടം നടത്തുന്നത്. എന്നാല്‍, ചില്ലറവില്‍പന നടത്തുന്ന പലയിടങ്ങളിലും വെളിച്ചെണ്ണക്കൊപ്പം സൂര്യകാന്തി എണ്ണയും ചേര്‍ത്ത് കച്ചവടം നടത്തുന്നതായും അറിയുന്നു. വെളിച്ചെണ്ണയുടെ ശുദ്ധമായ മണം കിട്ടാന്‍ റോസ്റ്റ് എണ്ണ കൂടി ചേര്‍ത്താണ് കവറുകളില്‍ എണ്ണ നിറക്കുന്നത്. നൂറുകിലോ വെളിച്ചെണ്ണക്കൊപ്പം 35 മുതല്‍ 45 കിലോ വരെ കര്‍ണര്‍ ഓയില്‍ ചേര്‍ത്താണ് കച്ചവടം നടത്തുന്നതത്രെ. കൊപ്ര കരിച്ച് ഉണക്കി ആട്ടുന്ന എണ്ണയാണ് റോസ്റ്റ് എണ്ണയെന്ന പേരില്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കാന്‍ മാഫിയ ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ചില മില്ലുകളിലാണ് റോസ്റ്റ് എണ്ണ കച്ചവടം നടക്കുന്നത്. ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന കര്‍ണര്‍ ഓയില്‍ തമിഴ്നാട്ടിലെ കാങ്കയത്ത് നിന്നാണ് കേരളത്തില്‍ എത്തുന്നത്. കര്‍ണര്‍ ഓയിലിനു പുറമെ കൊപ്രയും ഇവിടെ നിന്ന് എത്തുന്നു. കേരളത്തില്‍ കൊപ്രക്കുള്ള കടുത്ത ക്ഷാമം കാരണമാണ് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതെന്ന് വെളിച്ചെണ്ണ കച്ചവടക്കാര്‍ തന്നെ പറയുന്നു. വെളിച്ചെണ്ണവില കുതിച്ചെങ്കിലും കേരകര്‍ഷകന് തേങ്ങക്ക് ഇപ്പോഴും ന്യായവില ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ തെങ്ങ് കൃഷിയില്‍നിന്ന് കേരളീയര്‍ അകന്നുതുടങ്ങി. മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പന പൊടിപൊടിക്കുമ്പോഴും ഇത് തടയാനോ ഗുണനിലവാരം പരിശോധിക്കാനോ തയാറാകാത്തതാണ് ഇത്തരം മാഫിയാ സംഘങ്ങള്‍ വളരുന്നതിന് കാരണമെന്ന് പരാതിയുണ്ട്. ഓണക്കാലത്ത് ലക്ഷക്കണക്കിന് രൂപക്കാണ് മായം കലര്‍ന്ന വെളിച്ചെണ്ണ കവറുകളില്‍ നിറച്ചും അല്ലാതെയും വിറ്റത്. ഹോട്ടലുകളിലും മറ്റും ആരോഗ്യവകുപ്പ് പരിശോധനകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വെളിച്ചെണ്ണ നിര്‍മാണ കേന്ദ്രങ്ങളില്‍ നടക്കുന്ന മായം ചേര്‍ക്കലും മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍പനയും പരിശോധിക്കാന്‍ തയാറാകാത്തതിനെതിരെ പരക്കെ ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.