ദേശീയ ജലപാതക്കായി നിര്‍മിച്ച ബോട്ടുജെട്ടികള്‍ നശിക്കുന്നു

പരവൂര്‍: ദേശീയ ജലപാതയുടെ ഭാഗമായി നിര്‍മിച്ച ബോട്ടുജെട്ടികള്‍ തുരുമ്പെടുത്തും ദ്രവിച്ചും നശിക്കുന്നു. ഇവിടങ്ങളില്‍ രാത്രിയും പകലും സാമൂഹികവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. രാപ്പകല്‍ ഭേദമില്ലാതെ ഇവിടെയത്തെുന്ന മദ്യപര്‍ കുപ്പികളും ആഹാരാവശിഷ്ടങ്ങളും കായലിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. ഈ ഭാഗത്ത് തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തത് രാത്രിയില്‍ ഇവര്‍ക്ക് അനുഗ്രഹമാകുന്നു. കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിനുസമീപം റെയില്‍വേ ലൈനിനോട് ചേര്‍ന്നുള്ള ബോട്ടുജെട്ടിയും നശിച്ചുതുടങ്ങി. ഇവിടെയും സാമൂഹികവിരുദ്ധശല്യം വര്‍ധിച്ചിരിക്കുന്നതായി പരാതിയുണ്ട്. പരവൂര്‍ കായലില്‍ പെരുമ്പുഴ ഭാഗത്തുള്ള കടവിലെ ജട്ടി ഭാഗികനിര്‍മാണം അവസാനിപ്പിച്ച നിലയിലാണ്. ഇനിയും യാഥാര്‍ഥ്യമാകാത്ത ജലപാതക്കുവേണ്ടി ലക്ഷങ്ങള്‍ മുടക്കി നിരവധി സ്ഥലങ്ങളില്‍ ബോട്ടുജെട്ടികള്‍ നിര്‍മിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പാത നവീകരണഭാഗമായി പരവൂര്‍ കായലിനെയും ഇടവ നടയറ കായലിനെയും ബന്ധിപ്പിക്കുന്ന മണിയംകുളം ടി.എസ് കനാലിന്‍െറ ആഴം വര്‍ധിപ്പിച്ച് പാര്‍ശ്വഭിത്തി കെട്ടിയിരുന്നു. ഇത് പലയിടത്തും ഇടിഞ്ഞുവീണു. ജലനിരപ്പില്‍നിന്ന് അല്‍പം മാത്രം ഉയര്‍ത്തിയാണ് കരിങ്കല്‍ഭിത്തി നിര്‍മിച്ചിട്ടുള്ളത്. വര്‍ഷകാലത്ത് ഇതിനുമുകളിലേക്ക് വെള്ളം ഉയരാറുണ്ട്. ഇതുമൂലം പലഭാഗങ്ങളിലും മണ്ണിടിഞ്ഞുവീഴുന്നു. ഇതിനാല്‍ കനാലിന്‍െറ ആഴം വീണ്ടും കുറഞ്ഞുവരികയാണ്. കനാലിന്‍െറ പാര്‍ശ്വങ്ങളിലെ മരങ്ങളും ഇതോടൊപ്പം വെള്ളത്തില്‍ പതിക്കുന്നു. തെക്കുംഭാഗം കുട്ടൂര്‍ പാലത്തിനോട് ചേര്‍ന്ന് സംരക്ഷണഭിത്തിയുടെ ഭാഗമടക്കം കഴിഞ്ഞ മഴയത്ത് ഇടിഞ്ഞുവീണിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.