കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ്; സമരം സജീവമാക്കാന്‍ നിക്ഷേപകരുടെ നീക്കം

കുറ്റിപ്പുറം: കുറ്റിപ്പുറം നിക്ഷേപതട്ടിപ്പ് കേസ് പ്രതിക്കെതിരെ വീണ്ടും നിക്ഷേപകരുടെ പടയൊരുക്കം. കോടിക്കണക്കിന് തുക നിക്ഷേപമായി സ്വീകരിച്ച് വിദേശത്ത് കടക്കുകയും പിന്നീട് കോടതിയില്‍ കീഴടങ്ങുകയും ചെയ്ത കുറ്റിപ്പുറം ഷാന്‍ എന്‍റര്‍പ്രൈസസ് ഉടമ കമ്പാല അബ്ദുല്‍ നൂറിനെതിരെയാണ് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ വീണ്ടും സമരം സജീവമാക്കാനൊരുങ്ങുന്നത്. കേസ് ഒത്തുതീരാമെന്ന് ഹൈക്കോടതിയില്‍ കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അസോസിയേഷന്‍ വഴി ഉറപ്പ് നല്‍കിയിരുന്നെങ്കിലും അബ്ദുല്‍നൂര്‍ ഹാജരാകുന്നില്ളെന്ന് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. നിക്ഷേപതുക സൂക്ഷിക്കുന്ന ബിനാമികളുടെ പേരുകള്‍ പ്രതി വെളിപ്പെടുത്തുന്നില്ളെന്നും തുക തിരികെ നല്‍കാന്‍ നടപടികളെടുക്കുന്നില്ളെന്നും ആരോപിച്ച ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ നൂറിന്‍െറ വീട് ഉപരോധിക്കുമെന്നും പറഞ്ഞു. നൂറിനെതിരെയുള്ള എല്ലാ കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ പെരിന്തല്‍മണ്ണ കോടതി നൂറിന് അനുകൂല വിധി പുറപ്പെടുവിച്ചത് നിക്ഷേപകരെ തളര്‍ത്തിയിട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ട് പോകാനാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി പ്രതി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. അതേസമയം, മധ്യസ്ഥത വഹിച്ചവരും നൂറും അദാലത്തിന് വരാതെ നിക്ഷേപകരെ വഞ്ചിച്ച് നടക്കുന്നത് അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളുടെ കുറ്റപത്രം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കുറ്റമറ്റ രീതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിന്‍െറ കുറ്റപത്രം തയാറാക്കി വരികയാണെന്നും വൈകാതെ കോടതിയില്‍ സമര്‍പ്പിക്കാനാകുമെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.പി മോഹന ചന്ദ്രന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.