ചുങ്കത്ത് അപകടഭീഷണിയും ഗതാഗത തടസ്സവും

ശാന്തപുരം: ചുങ്കം ജങ്ഷനില്‍ പെരിന്തല്‍മണ്ണ റോഡ് ബസ്സ്റ്റോപ്പിന് സമീപത്തെ ബസ്ബേയില്‍ നിര്‍ത്താന്‍ ബസുകള്‍ക്ക് വിമുഖത. ഇതുമൂലം റോഡില്‍ ഗതാഗത തടസ്സം പതിവാണ്. അപകടഭീഷണിയും നിലനില്‍ക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് നടന്നത്. ട്രാഫിക് ക്രമീകരണത്തിന്‍െറ ഭാഗമായി മേലാറ്റൂര്‍ പൊലീസിന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവിടെ ബസ്ബേ നിര്‍മിച്ചത്. ആദ്യകാലങ്ങളില്‍ ബസ്ബേയില്‍ നിര്‍ത്തിയിരുന്നെങ്കിലും കെ.എസ്.ആര്‍.ടി.സി അടക്കം മിക്ക സ്വകാര്യ ബസുകളും നടുറോഡില്‍ നിര്‍ത്തുന്നത് യാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ദുരിതമായി. പിറകില്‍ വരുന്ന ബസുകള്‍ മറികടന്ന് പോകാതിരിക്കാനാണ് റോഡില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പട്ടിക്കാട്-വടപുറം പാതയും നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയും സംഗമിക്കുന്ന ജങ്ഷനിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ്ബേയും കാത്തിരിപ്പുകേന്ദ്രവും നിര്‍മിച്ചത്. ബസ്ബേയില്‍ നിര്‍ത്തണമെന്ന് നാട്ടുകാരും ഡ്യൂട്ടിയിലുള്ള ഹോം ഗാര്‍ഡും ബസ് ജീവനക്കാരോട് ആവശ്യപ്പെടാറുണ്ടെങ്കിലും അവഗണിക്കുകയാണ്. രണ്ട് ബസുകള്‍ക്ക് ഒരേസമയം ഇവിടെ നിര്‍ത്താമെങ്കിലും നടുറോഡില്‍ നിര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.