കുറ്റിപ്പുറത്തെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്ക് ശാപമോക്ഷം

കുറ്റിപ്പുറം: കുറ്റിപ്പുറത്തെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു. കുറ്റിപ്പുറത്ത് അധികൃതര്‍ തിരിഞ്ഞുനോക്കാത്ത ഗവ. ഹോമിയോ ഡിസ്പെന്‍സറിയാണ് 10 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. കൂടാതെ, കുറ്റിപ്പുറം താലൂക്കാശുപത്രിക്കും ഇത് നല്ലകാലം. മാസങ്ങള്‍ക്ക് മുമ്പ് താലൂക്കാശുപത്രിയില്‍ മുഴുവന്‍ സമയം ഡോക്ടര്‍മാരുടെ സേവനവും ട്രോമോകെയര്‍ യൂനിറ്റ് ഉദ്ഘാടവും നടന്നിരുന്നു. ആശുപത്രിയുടെ നവീകരണത്തിനായി അടുത്ത ദിവസം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ യോഗവും നടക്കും. കുറ്റിപ്പുറം സൗത് ബസാറിലെ ഹോമിയോ ഡിസ്പെന്‍സറിയിലാണ് രണ്ട് പുതിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10ഓളം പുതിയ തസ്തികകള്‍ അനുവദിച്ച് കിടത്തിച്ചികിത്സയുള്ള ആശുപത്രിയായി ഉയര്‍ത്തിയത്. പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ പ്രത്യേക താല്‍പര്യമെടുത്താണ് ആശുപത്രികളുടെ നവീകരണത്തിന് വഴിയൊരുക്കിയത്. താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനവും ട്രോമോകെയറോടുകൂടിയ കാഷ്വല്‍റ്റിയും എത്തിയെങ്കിലും മതിയായ കെട്ടിട സൗകര്യമില്ല. ഇത് പരിഹരിക്കാനായാണ് ബ്ളോക്ക് പഞ്ചായത്ത്, എം.എല്‍.എ, എം.പി ഫണ്ടുകള്‍ ഉപയോഗിച്ച് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.