വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം ശേഖരിക്കല്‍ പഞ്ചായത്ത് നിര്‍ത്തിവെച്ചു

മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് തിങ്കളാഴ്ച മുതല്‍ മാലിന്യം ശേഖരിക്കുന്നത് പഞ്ചായത്ത് നിര്‍ത്തിവെക്കുമെന്ന് പ്രസിഡന്‍റ് മേരി തോമസ്, വൈസ് പ്രസിഡന്‍റ് കെ.ജി. സാബു എന്നിവര്‍ അറിയിച്ചു. പി.എം. തോമസ് പയ്യമ്പളളില്‍, ഇ.ഡി. തോമസുകുട്ടി, നസീമ എന്നിവര്‍ മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ മാര്‍ക്കറ്റിനുളളില്‍ മാലിന്യം ശേഖരിക്കുന്നത് തടഞ്ഞിരുന്നു. മാര്‍ക്കറ്റിനുള്ളില്‍ സ്ഥാപിച്ചിരുന്ന ഇന്‍സിനറേറ്റര്‍ നശിച്ചതോടെ മാലിന്യം കത്തിച്ചുകളയുകയായിരുന്നു. 35 ലക്ഷം രൂപ മുടക്കി പുതിയ ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കുന്നതിന് നിര്‍മാണാനുമതി തേടിയിട്ടുണ്ട്. ബയോഗ്യാസ് പ്ളാന്‍റില്‍നിന്ന് പഞ്ചായത്ത് ഓഫിസിന് വേണ്ട വൈദ്യുതിയും വഴിവിളക്കുകളും കത്തിക്കാനുമുള്ള പദ്ധതിക്കാണ് അനുമതി തേടിയത്. ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കുന്നതുവരെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് മാലിന്യം ശേഖരിക്കാന്‍ പഞ്ചായത്തിന് കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്ത് വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയില്‍ 15 മുതല്‍ വ്യാപാരികള്‍ സ്വന്തം നിലയില്‍ നിര്‍മാര്‍ജനം ചെയ്യാമെന്നും പ്ളാന്‍റ് സ്ഥാപിച്ചശേഷം പൂര്‍വസ്ഥിതി തുടരാമെന്നും തിരുമാനിച്ചു. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്ഥീകരിക്കാനും മാര്‍ക്കറ്റില്‍ കാമറ സ്ഥാപിക്കാനും മാര്‍ക്കറ്റിനകത്ത് വാഹനങ്ങളില്‍ രാത്രി മാലിന്യം തളളുന്നത് തടയുന്നതിന് മാര്‍ക്കറ്റ് റോഡില്‍ ചങ്ങലയിട്ട് ബ്ളോക് ചെയ്യാനും തീരുമാനിച്ചു. അംഗങ്ങളായ റജി പണിക്കമുറി, സാം പട്ടേരില്‍, മധു വി.ടി, ഷേര്‍ലി ജോര്‍ജ്, സെക്രട്ടറി രാജന്‍ നായര്‍, കെ.എസ്. മനോജ്, മാമ്മന്‍ വര്‍ഗീസ്, രാജു കളപ്പുരക്കല്‍, ബിജു ബിജി, വി.കെ. വിജയന്‍, പി.എം.അലക്സാണ്ടര്‍, സന്തോഷ് മാത്യു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.