അവധി ദിനങ്ങളില്‍ ഭൂമാഫിയ വിളയാട്ടം; റവന്യൂ അധികൃതര്‍ ജാഗ്രതയില്‍

തൊടുപുഴ: അവധി ദിനങ്ങള്‍ മറയാക്കി ഭൂമാഫിയ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് തൊടുപുഴ താലൂക്കില്‍ കനത്ത ജാഗ്രത. ഇതിനായി പ്രത്യേക ക്രമീകരണങ്ങളും റവന്യൂ അധികൃതര്‍ ഏര്‍പ്പെടുത്തി. അവധി ദിനങ്ങളില്‍ ഉദ്യോഗസ്ഥ സാന്നിധ്യമില്ലാത്തത് മുതലെടുക്കാനുള്ള മാഫിയയുടെ ഗൂഢനീക്കങ്ങളെ ചെറുക്കുകയാണ് ലക്ഷ്യം. അവധി ദിനങ്ങളില്‍ തൊടുപുഴ താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭൂമികൈയേറ്റം, നിലം നികത്തല്‍, മണ്ണെടുപ്പ്, മണല്‍ വാരല്‍, പാറഖനനം, മരംവെട്ട്, അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കാന്‍ സാധ്യതയുള്ളതായി റവന്യൂ അധികൃതര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ജാഗ്രത നടപടി ശക്തിപ്പെടുത്തിയത്. അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടത്തെി തടയുന്നതിന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. താലൂക്ക് പരിധിയില്‍ അനധികൃത നടപടി കണ്ടത്തെിയാല്‍ പൊതുജനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ (ഫോണ്‍: 04862 22503) അറിയിക്കണമെന്ന് തഹസില്‍ദാര്‍ കെ.ആര്‍. പ്രസാദ് അഭ്യര്‍ഥിച്ചു. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കഴിഞ്ഞ അവധി ദിനങ്ങളിലൊന്നും താലൂക്ക് പരിധിയില്‍നിന്ന് ഭൂമികൈയേറ്റം, നിലം നികത്തല്‍, മണ്ണെടുപ്പ്, മണല്‍ വാരല്‍, പാറഖനനം, മരംവെട്ട്, അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.