തൂക്കുപാലം ടൗണ്‍ വികസനം ഇനിയും അകലെ

നെടുങ്കണ്ടം: ജനവാസം ആരംഭിച്ച് അരനൂറ്റാണ്ട് പിന്നിട്ടിട്ടും തൂക്കുപാലം ടൗണിന്‍െറ വികസനം ശൈശവദശയില്‍. പട്ടം കോളനിയുടെ സിരാകേന്ദ്രമാണ് തുക്കുപാലം. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളുടെ അതിര്‍ത്തിയാണ് ഇവിടം. പദ്ധതികള്‍ പലതും പാതിവഴിയില്‍ മുടങ്ങിയതോടെയാണ് വികസന പ്രതീക്ഷകള്‍ സ്വപ്നമായി ശേഷിക്കുന്നത്. ഹൈറേഞ്ചിലെ മറ്റ് കേന്ദ്രങ്ങള്‍ക്കൊപ്പം തൂക്കുപാലവും വര്‍ഷങ്ങള്‍ക്കുമുമ്പേ ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു. ഹൈറേഞ്ചിന്‍െറ വാണിജ്യരംഗത്ത് പ്രധാന സ്ഥാനം തൂക്കുപാലത്തിനുണ്ട്. ജില്ലയിലെ പ്രധാന ചന്തകളിലൊന്നാണ് ഇവിടം. ചന്തദിനമായ ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ ഇന്നും എത്താറുണ്ട്. നാല്‍ക്കാലികളുടെ പ്രധാന വിപണിയും തൂക്കുപാലമാണ്. മൂന്ന് പഞ്ചായത്തുകളിലായി കിടക്കുന്ന ടൗണിലെ മാലിന്യ സംസ്കരണം പോലും കൃത്യമായി നടക്കുന്നില്ല. ഗ്രാമപഞ്ചായത്തുകളില്‍ ആവിഷ്കരിച്ച ആശ്രയ പദ്ധതിയില്‍പ്പെടുത്തി ചികിത്സസഹായം ലഭിക്കേണ്ടവര്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ച് കുഴിത്തൊളുവിലത്തെണം. തൂക്കുപാലത്തെ കരുണാപുരം പഞ്ചായത്തില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഈ ദുര്‍ഗതി. ടൗണില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ മുണ്ടിയെരുയില്‍ ഗവ. ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. തൂക്കുപാലം പാമ്പുമുക്ക് ജങ്ഷനില്‍ ബസ് സ്റ്റാന്‍ഡ് 2002ല്‍ ഉദ്ഘാടനം ചെയ്തെങ്കിലും ഇപ്പോഴും അനാഥമായിക്കിടക്കുകയാണ്. സ്റ്റാന്‍ഡിനുള്ളില്‍ ബസ് കയറാനുള്ള സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യം ഒരുക്കേണ്ടവര്‍ കണ്ണടക്കുമ്പോള്‍ നാള്‍ക്കുനാള്‍ പ്രദേശത്തിന്‍െറ വളര്‍ച്ച മുരടിക്കുകയാണ്. പ്രവേശകവാടം നിര്‍മിച്ച് കുറച്ചുഭാഗം കോണ്‍ക്രീറ്റ് ഇട്ടെങ്കിലും പണി പൂര്‍ത്തീകരിച്ചില്ല. തൂക്കുപാലം ചന്തയുടെ വികസനവും പ്രഖ്യാപനങ്ങളിലൊതുങ്ങി. ചന്തക്കുള്ളില്‍ വ്യാപാരത്തിന് സൗകര്യം തികയാത്തതിനാല്‍ വഴിവാണിഭക്കാര്‍ പെരുകുന്നത് ഗതാഗതക്കുരുക്കിനും ഇടയാകുന്നു. തമിഴ്നാട്ടിലെ സമീപ പ്രദേശങ്ങളില്‍നിന്ന് ഒട്ടേറെ വ്യാപാരികള്‍ ഇവിടെ കച്ചവടത്തിനത്തെുന്നുണ്ട്. രാമക്കല്‍മേട് ടൂറിസ്റ്റ് കേന്ദ്രത്തിന്‍െറ പ്രവേശകവാടമായ തൂക്കുപാലത്തെ വഴിവാണിഭം സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നു. മാര്‍ക്കറ്റിലെയും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കല്ലാര്‍ പുഴയിലാണ്. ഈ പുഴയിലെ വെള്ളമാണ് താന്നിമൂട്ടിലെ പമ്പ് ഹൗസില്‍നിന്ന് നെടുങ്കണ്ടത്തേക്കും മറ്റ് സമീപ പ്രദേശങ്ങളിലേക്കും ജല അതോറിറ്റി ശുദ്ധജലമായി വിതരണം ചെയ്യുന്നത്. അതിര്‍ത്തി മേഖലകളിലെ റോഡുകള്‍, ശുദ്ധജല പദ്ധതികള്‍ തുടങ്ങിയവയും പാതിവഴിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.