മലമേലില്‍ ചന്ദനമരങ്ങള്‍ നശിക്കുന്നു

അഞ്ചല്‍: മലമേലിലെ ചന്ദനമരങ്ങള്‍ സംരക്ഷിക്കപ്പെടാതെ നശിക്കുന്നു. ജില്ലയില്‍ വനേതരഭൂമിയില്‍ ഏറ്റവുംകൂടുതല്‍ ചന്ദനമരങ്ങളുള്ള സ്ഥലമാണ് അറയ്ക്കല്‍ വില്ളേജിലെ മലമേല്‍. അപൂര്‍വയിനം വൃക്ഷങ്ങളും ഒൗഷധച്ചെടികളും വംശനാശം നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണിവിടം. ഇരുപത്തിഞ്ചോളം മയിലുകള്‍ ഇവിടെ ഉണ്ട്. ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും സാധാരണയായി കണ്ടുവരാറുള്ള സാന്‍സ് ഗ്രോസ് പക്ഷികളെയും ഇവിടെ കണ്ടത്തെിയിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പാറക്വാറിയുടെയും മെറ്റല്‍ ക്രഷറിന്‍െറയും മറവില്‍ ധാരാളം ചന്ദനമരങ്ങള്‍ നശിപ്പിക്കപ്പെട്ടതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഏതാനും മാസംമുമ്പ് ഇവിടെ നിന്ന് മുറിച്ചുകടത്തിക്കൊണ്ടുപോയ ചന്ദനമരത്തിന്‍െറ ഇലയോടുകൂടിയ ശിഖരങ്ങള്‍ റോഡില്‍ കണ്ടത്തെിയിരുന്നു. അളവെടുക്കാന്‍ പറ്റുന്ന അമ്പതോളം ചന്ദനമരങ്ങളും നൂറുകണക്കിന് തൈകളും ഇവിടെയുണ്ട്. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന അനധികൃത പാറക്വാറിക്ക് സമീപമുള്ള റവന്യൂ ഭൂമിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇരുപതേക്കറോളം വരുന്ന റവന്യൂ -ദേവസ്വം വകഭൂമിയിലാണ് ചന്ദനമരങ്ങളും തൈകളും വളരുന്നത്. ഇവയുടെ സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷം മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നൈറ്റ് പട്രോളിങ് നടപ്പാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് നടക്കുന്നില്ല. ശേഷിക്കുന്ന ചന്ദനമരങ്ങളുടെ എണ്ണവും വലിപ്പവും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ അവയില്‍ പലതും മോഷ്ടാക്കള്‍ മുറിച്ചുകടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇനി അവശേഷിക്കുന്ന തൈകളേങ്കിലും സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.