ആറുമാസത്തിനിടെ തിരുവനന്തപുരത്ത് പിടികൂടിയത് 50 കിലോ സ്വര്‍ണം

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണമൊഴുകുന്നു. ആറ് മാസത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത് ഏകദേശം 50 കിലോ സ്വര്‍ണം. എയര്‍പോര്‍ട്ട് ജീവനക്കാരെയും കേന്ദ്ര ഏജന്‍സിയിലെ ഉദ്യോഗസ്ഥരെയും പാട്ടിലാക്കി മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പുതിയ തന്ത്രങ്ങളിലൂടെയാണ് സ്വര്‍ണം കടത്തുന്നത്. വിദേശത്തുനിന്ന് എത്തിയശേഷം ആഭ്യന്തരസര്‍വീസുകളായി മാറുന്ന വിമാനങ്ങളെയാണ് സ്വര്‍ണക്കടത്തിനായി അധികവും തെരഞ്ഞെടുക്കുന്നത്. യാത്രക്കാരന്‍െറ പക്കല്‍ സ്വര്‍ണം നല്‍കുന്ന മാഫിയ അവര്‍ പറയുന്ന സ്ഥലത്ത് അത് വെക്കാന്‍ ഏല്‍പിക്കും. അടുത്ത് ഈ വിമാനത്തില്‍ ആഭ്യന്തരയാത്രക്കാരനായി എത്തുന്നയാള്‍ക്ക് സ്വര്‍ണം ഇരിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരം കൃത്യമായി മൊബൈല്‍ഫോണിലൂടെ എത്തും. ഇതിനിടെ വിമാനം വൃത്തിയാക്കാന്‍ കയറുന്ന ഇവരുടെ സംഘത്തിലെ കണ്ണികള്‍ക്ക് സ്വര്‍ണം ഇരിക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കും. ഇവര്‍ അതിനനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യും. തുടര്‍ന്ന് വിമാനത്തില്‍ കയറുന്ന ആഭ്യന്തരയാത്രക്കാരന്‍ രാജ്യത്തെ മറ്റ് ഏതെങ്കിലും വിമാനത്താവളത്തില്‍ പരിശോധനകളില്ലാതെ പുറത്തിറങ്ങുന്നതോടെ ലക്ഷങ്ങള്‍ വരുന്ന സ്വര്‍ണം ഒരുവിധ പരിശോധനകളും ഇല്ലാതെ പുറത്തുകടക്കും. സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്ന സംഘത്തിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാന്‍ കഴിയാത്തതുമൂലം ഒരാള്‍ പിടിക്കപ്പെട്ടാല്‍ പോലും ഇയാളിലൂടെ അടുത്ത കണ്ണിയെ കണ്ടത്താന്‍ കഴിയാതെ വരും. പിടിക്കപ്പെട്ട പല സ്വര്‍ണക്കടത്ത് കേസുകളും തുടരന്വേഷണം എങ്ങുമത്തൊതെ അവസാനിക്കുന്നതിന് പിന്നിലെ കാരണവും ഇതാണ്. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണക്കത്ത് നടക്കുമ്പോള്‍ കസ്റ്റംസിന്‍െറ മുഖംരക്ഷിക്കാന്‍ ഇടക്കിടെ ഇവര്‍തന്നെ രഹസ്യവിവരമെന്ന പേരില്‍ ചിലരെ കസ്റ്റംസിന് ഇട്ടുകൊടുക്കാറുണ്ട്. ഇത്തരക്കാരില്‍നിന്ന് അന്വേഷണഏജന്‍സികള്‍ സ്വര്‍ണം പിടികൂടിയാല്‍ പിന്നീട് തുടരന്വേഷണം നടക്കാത്തതുമൂലം ഇവര്‍ വളരെ പെട്ടെന്ന് ജാമ്യത്തിലിറങ്ങി പോവുകയാണ് പതിവ്. വിദേശത്ത് പോയി ജോലി ഇല്ലാതെ വലയുന്നവരും പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തൊഴിലന്വേഷിച്ച് നടക്കുന്ന യുവാക്കളുമാണ് അധികവും സ്വര്‍ണക്കടത്ത് സംഘത്തിലെ കരിയര്‍മാരാകുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടികൂടാന്‍ ആവശ്യമായ നൂതന സംവിധാനങ്ങളുടെ അപര്യാപ്തത പലപ്പോഴും കസ്റ്റംസിന് ബുദ്ധിമുട്ടാകുമ്പോള്‍ ഇത് മുതലാക്കി ശരീരത്തിലും ഇലക്ട്രിക്കല്‍ സാധനങ്ങളിലും ഒളിപ്പിച്ച് ഇടക്കിടെ സ്വര്‍ണം കടത്താറുണ്ട്. വിദേശത്തുനിന്ന് വരുന്ന വിമാനങ്ങള്‍ പിന്നീട് ആഭ്യന്തരസര്‍വീസാകുമ്പോള്‍ അതിലെ യാത്രക്കാരെക്കൂടി കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കാന്‍ ആഭ്യന്തരവിമാനത്താവളങ്ങളില്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നടപടിയില്ളെന്നത് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ധൈര്യമേകുകയാണ്. 2013 ഏപ്രില്‍ മുതല്‍ 2014 ഏപ്രില്‍ വരെയുള്ള കണക്കുകളനുസരിച്ച് കേരളത്തിലെ വിമാനത്താവളങ്ങളില്‍ പിടികൂടിയത് 219 കിലോ സ്വര്‍ണമാണ്. 76.5 കോടി രൂപയാണ് ഇതിന് വിലവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.