ആലപ്പാട് പഞ്ചായത്തിലെ ആരോഗ്യകേന്ദ്രങ്ങള്‍ പ്രയോജനരഹിതമെന്ന് റിപ്പോര്‍ട്ട്

കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ ആരോഗ്യകേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ളെന്ന് തീരദേശ സംരക്ഷണസമിതിയുടെ പഠനറിപ്പോര്‍ട്ട്. ജൂലൈ അവസാന ആഴ്ചകളില്‍ 10 ദിവസങ്ങളിലായി സമിതി നടത്തിയ പഠനത്തില്‍ 340 കുടുംബങ്ങളിലായി 420 പേര്‍ വിവിധരോഗങ്ങളുമായി പഞ്ചായത്തില്‍ നിന്ന് ആശുപത്രികളെ സമീപിച്ചതായി കണ്ടത്തെിയിട്ടുണ്ട്. ഇതില്‍ 214 പേര്‍ സ്വകാര്യ ആശുപത്രികളെ സമീപിച്ചപ്പോള്‍ 117 പേര്‍ ആലപ്പാട് പഞ്ചായത്തിന് പുറത്തുള്ള ഗവണ്‍മെന്‍റ് ആശുപത്രികളെയാണ് സമീപിച്ചത്. 86 പേര്‍ മാത്രമാണ് ആലപ്പാട് പഞ്ചായത്തിലുള്ള സബ് സെന്‍ററുകളെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളേയും ആശ്രയിച്ചത്. ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഡോക്ടര്‍ എത്തുന്ന ദിവസങ്ങളില്‍ മുഴുവന്‍സമയവും സേവനം ലഭിക്കാതിരിക്കാത്തതും സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് ജനത്തെ അകറ്റുന്നത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ആലപ്പാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലും അഴീക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററിലും സബ് സെന്‍ററുകളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത സ്ഥിതിയുണ്ട്. ഹെല്‍ത്ത് സെന്‍ററുകളില്‍ ലാബുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിയുംവരുന്നു. ഉച്ചക്ക് ഒന്നിനുശേഷം സെന്‍ററുകള്‍ പ്രവര്‍ത്തിക്കാതിരിക്കല്‍, ജീവന്‍ രക്ഷാ മരുന്നുകളുടെ അപര്യാപ്തത, ഗൈനക്കോളജിസ്റ്റിന്‍െറ അഭാവം മൂലം രാത്രികാലങ്ങളില്‍ ഗര്‍ഭിണികളേയും കൊണ്ട് അടിയന്തര ചികിത്സ തേടി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിവരിക തുടങ്ങിയ പ്രശ്നങ്ങള്‍ തീരദേശ മേഖലയില്‍ നിലനില്‍ക്കുന്നു. ഇക്കാരണങ്ങളാലാണ് തീരദേശത്തെ ജനങ്ങള്‍ ആലപ്പാട് പഞ്ചായത്തിലെ ആരോഗ്യകേന്ദ്രങ്ങളെ അവഗണിച്ച് സ്വകാര്യ ആശുപത്രികളെയടക്കം അഭയംപ്രാപിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്മാത്രം വിവിധ എം.പിമാരില്‍ നിന്നും എം.എല്‍.എ മാരില്‍നിന്നും മാത്രം ഒരു കോടിയും സൂനാമി സ്പെഷല്‍ പാക്കേജില്‍ നിന്ന് 39.5 ലക്ഷം രൂപയും ലഭ്യമാക്കി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും ആരോഗ്യകേന്ദ്രം രോഗികള്‍ക്ക് പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്. പ്രസിഡന്‍റ് കെ.സി. ശ്രീകുമാര്‍, അംഗങ്ങളായ കെ. സുധ, പി. സോജ, അരുണ്‍ ചന്ദ്രന്‍, അജിത എന്നിവരാണ് പഠനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.