ഗുരുവായൂരിലെ വികസനചര്‍ച്ച അഴുക്കുചാലില്‍ മുങ്ങി

ഗുരുവായൂര്‍: ഗുരുവായൂരിന്‍െറ സമഗ്രവികസനം ലക്ഷ്യമിട്ട ‘വിഷന്‍ 2030’ പദ്ധതി അഴുക്കുചാലില്‍ മുങ്ങി. അഴുക്കുചാല്‍ പദ്ധതിയുടെ മെല്ളെപ്പോക്ക് വിവാദമായതോടെ മാറ്റിവെച്ച ‘വിഷന്‍ 2030’ ചര്‍ച്ചകള്‍ രണ്ടര മാസമായിട്ടും പുനരാരംഭിച്ചിട്ടില്ല. ജൂണ്‍ 29 ന് ഗുരുവായൂരില്‍ വിളിച്ച ‘വിഷന്‍ 2030’ യോഗം, അഴുക്കുചാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗം വിളിച്ചതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ജൂണ്‍ 21 ന് ദേവസ്വം ശ്രീവല്‍സം ഗെസ്റ്റ് ഹൗസില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍െറ തുടര്‍ച്ചയായാണ് 29 ന് യോഗം വിളിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ അഴുക്കുചാലിനായി പൊളിച്ച റോഡുകളുടെ അവസ്ഥ വിവാദമാവുകയും ഇതിന്‍െറ ഭാഗമായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് യോഗം വിളിക്കുകയും ചെയ്തു. ഈ യോഗം നടക്കുന്നതിനാല്‍ ‘വിഷന്‍ 2030’ യോഗം മാറ്റിവെക്കുന്നു എന്നാണ് അറിയിച്ചിരുന്നത്. അഴുക്കുചാല്‍ പദ്ധതിയുടെ പേരില്‍ മാറ്റിവെച്ച യോഗം പിന്നീട് ഇതുവരെയും ചേര്‍ന്നില്ല. ആദ്യഘട്ടമായി കലക്ടറേറ്റിലും ദേവസ്വം ഗെസ്റ്റ് ഹൗസിലും ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും നഗരസഭയും ദേവസ്വവും ഗുരുവായൂരിന്‍െറ വികസനത്തിന് നിരവധി പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഇവ ചര്‍ച്ച ചെയ്ത് പദ്ധതി തയാറാക്കാനാണ് ജനപ്രതിനിധികളെയും വിവിധ സംഘടനാ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി യോഗം വിളിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ വികസനത്തിന് വ്യക്തമായ രൂപം തയാറാക്കുകയായിരുന്നു ലക്ഷ്യം. മാറ്റിവെച്ച യോഗം രണ്ടര മാസം കഴിഞ്ഞിട്ടും ഇനി എന്ന് ചേരും എന്ന് പോലും ധാരണയായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.