കശ്മീരില്‍നിന്ന് ഫോണ്‍ വിളി വന്നു; കുറിച്ചി ഗ്രാമത്തിന് ആശ്വാസമായി

ചങ്ങനാശേരി: കാത്തിരുന്ന ഫോണ്‍ വിളി കശ്മീരില്‍നിന്ന് വന്നു; കുറിച്ചി ഗ്രാമത്തിന് ആശ്വാസമായി. കുറിച്ചിയില്‍ റബര്‍ മാറ്റ് ബിസിനസുകാരനായ കൊച്ചുപുരക്കല്‍ കെ.കെ.ചാക്കോ(62), ഭാര്യ അച്ചാമ്മ(60) എന്നിവരടക്കം കുറിച്ചിയില്‍നിന്നും ചിങ്ങവനത്തുനിന്നുമായി മുപ്പതംഗ സംഘമാണ് കശ്മീരിലേക്ക് സന്ദര്‍ശനത്തിന് പോയത്. ശനിയാഴ്ച വൈകുന്നേരം 4.30ഓടെ യാത്രാസംഘം കശ്മീരില്‍ എത്തിയതാണ്. അന്ന് രാത്രിയും ഞായറാഴ്ച വൈകുന്നേരവും ചാക്കോ നാട്ടിലുള്ള ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ശ്രീനഗറില്‍ തോരാമഴയാണെന്നും വെള്ളം നിമിഷങ്ങള്‍ക്കുള്ളില്‍ ഉയരുകയാണെന്നും പറഞ്ഞിരുന്നു. പിന്നീട് ഇവരെ ഫോണില്‍ കിട്ടാതായതോടെ കുറിച്ചിക്കാരുടെ ഉള്ളില്‍ ഭീതി നിറയുകയായിരുന്നു. തിങ്കളാഴ്ച ഒരുദിവസം പിന്നിട്ടതോടെ ഇവരുടെ നെഞ്ചിടിപ്പു കൂടിവന്നു. അതിനിടെ, നാട്ടിലുള്ളവര്‍ കശ്മീരിലെ അറിയാവുന്ന ആളുകളുമായി സംസാരിച്ചെങ്കിലും വിവരം ലഭിച്ചില്ല. കശ്മീരിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്നുള്ള ശ്രമം നടത്തിവരുമ്പോഴാണ് സംഘം സുരക്ഷിതരാണെന്ന വാര്‍ത്തയുമായി ഫോണ്‍ വിളി വന്നത്. കെ.കെ. ചാക്കോ ചൊവ്വാഴ്ച ഉച്ചയോടെ മകന്‍ ഷിബുവിനെ ഫോണില്‍ വിളിച്ചാണ് സുരക്ഷിതരാണെന്ന് അറിയിച്ചത്. പ്രദേശത്ത് വെളിച്ചമില്ളെന്നും ആകെ തണുപ്പും ചുറ്റും വെള്ളവുമാണെന്നും ചാക്കോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.