പട്ടികജാതി വിഭാഗങ്ങള്‍ക്കായി നിര്‍മിച്ച കമ്യൂണിറ്റിഹാള്‍ തുറന്നുകൊടുക്കുന്നില്ല

ചങ്ങനാശേരി: കുറിച്ചി സചിവോത്തമപുരം കോളനിയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍ തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധം ശക്തം. കുറിച്ചി പഞ്ചായത്ത് മുപ്പത് ലക്ഷം ചെലവഴിച്ച് ഹാള്‍ നിര്‍മിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഹാളിലേക്കായി ഒരു ലക്ഷത്തില്‍പരം രൂപ ചെലവഴിച്ച് വാങ്ങിയ കസേരകള്‍ ഒരു പഞ്ചായത്ത് അംഗത്തിന്‍െറ വീട്ടില്‍ കൂട്ടിയിട്ടിരിക്കുകയാണ്. കുറിച്ചിയിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റും ഈ കസേരകളാണ് ഉപയോഗിക്കുന്നതെന്ന് വിവിധ പട്ടികജാതി സംഘടനകള്‍ ആരോപിക്കുന്നു. പ്രദേശത്തുകാര്‍ വിവാഹത്തിനും മറ്റും വന്‍ തുക മുടക്കി സ്വകാര്യ ഓഡിറ്റോറിയങ്ങള്‍ വാടകക്കെടുക്കുകയാണ് . കഴിഞ്ഞയാഴ്ച ഉണ്ടായ മഴക്കെടുതിയില്‍ പഞ്ചായത്തിലെ വെള്ളം കയറിയ ആനക്കുഴി, ചാലച്ചിറ, എണ്ണക്കാച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപതിലധികം കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ കമ്യൂണിറ്റി ഹാളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതികൃതര്‍ നിരസിച്ചിരുന്നു. കുട്ടികളുടെ പരീക്ഷമൂലം ഗവ.യു.പി സ്കൂളി ല്‍ ക്യാമ്പ് തുടങ്ങുന്നത് നാട്ടുകാരും തടഞ്ഞിരുന്നു. ഹാള്‍ കിട്ടാതായതോടെ സ്കൂളില്‍ തന്നെ ഒടുവില്‍ തരപ്പെടുത്തുകയായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എത്രയും വേഗം കമ്യൂണിറ്റി ഹാള്‍ തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.