ഈരവേലി–കല്‍വത്തി പാലം അടച്ച് നാട്ടുകാരുടെ പ്രതിഷേധം

മട്ടാഞ്ചേരി: ചെറിയ പത്തായത്തോടിന് കുറുകെയായി പണിതീര്‍ത്ത ഈരവേലി- കല്‍വത്തി പാലം നാട്ടുകാര്‍ കെട്ടിയടച്ച് പ്രതിഷേധിച്ചു. പുതിയ പാലത്തിന്‍െറ നിര്‍മാണവേളയില്‍ താല്‍ക്കാലികമായി പണിത മരപ്പാലം പൊളിച്ചുനീക്കാത്തതുമൂലം മാംസാവിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ താല്‍ക്കാലിക പാലത്തില്‍ തങ്ങി കെട്ടിക്കിടന്ന് ദുര്‍ഗന്ധപൂരിതമാകുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കൗണ്‍സിലറോട് പരാതിപ്പെട്ടിട്ടും നടപടി ആകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. പുതിയ പാലം സഞ്ചാരത്തിന് തുറന്നുകൊടുത്തിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും താല്‍ക്കാലിക പാലം ഇതുവരെ പൊളിച്ചുനീക്കിയിട്ടില്ല. രാത്രിയുടെ മറവില്‍ തോട്ടിലേക്ക് തള്ളുന്ന അറവുമാലിന്യവും മരപ്പാലത്തിലും തൂണുകളിലുമായി തടഞ്ഞ് ചീഞ്ഞുനാറുകയാണ്. അറവുമാലിന്യങ്ങള്‍ പക്ഷികള്‍ കൊത്തി വീടുകളില്‍ കൊണ്ടിടുന്നതും പതിവാണ്. അലക്കിവിരിച്ച തുണികളില്‍ മാംസാവിഷ്ടങ്ങള്‍ കൊത്തിവലിച്ച് കൊണ്ടുവന്നിടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തോട്ടിലെ മാലിന്യം കോരിനീക്കുന്നതിനോ, താല്‍ക്കാലിക പാലം പൊളിച്ച് മാറ്റുന്നതിനോ അധികാരികള്‍ തയാറാകാത്തതാണ് പുതിയ പാലം അടച്ചുകെട്ടാന്‍ ഇടയാക്കിയത്. 24 ലക്ഷം രൂപ നിര്‍മാണച്ചെലവ് വന്നതായി പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞ പാലം ‘മാധ്യമ’ത്തിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 12 ലക്ഷം ചെലവായതായി അധികാരികള്‍ക്ക് മാറ്റിപ്പറയേണ്ടിവന്നിരുന്നു. സമീപവാസികള്‍ വീതിയേറിയ പാലങ്ങള്‍ മൂന്നരലക്ഷത്തിന് പണിതത് താരതമ്യപ്പെടുത്തിയായിരുന്നു മാധ്യമം റിപ്പോര്‍ട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.