മോസ്കോ: യുക്രെയ്ൻ വിഷയത്തിൽ യൂറോപ്യൻ യൂനിയൻ വീണ്ടും ഉപരോധം പ്രഖ്യാപിച്ചാൽ തിരിച്ചടിക്കുമെന്ന് റഷ്യ. 24 വ്യക്തികൾക്കെതിരെയാണ് തിങ്കളാഴ്ചയോടെ പുതുതായി ഉപരോധമേ൪പ്പെടുത്തുന്നത്. റഷ്യക്കാ൪ക്കു പുറമെ കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ക്രീമിയ പ്രവിശ്യകളുടെ ഭരണം നിയന്ത്രിക്കുന്നവരും ഉപരോധത്തിൻെറ പരിധിയിൽവരുമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ഹെ൪മൻ വാൻ റോംപയ്, യൂറോപ്യൻ കമീഷൻ മേധാവി ജോസ് മാനുവൽ ബറോസോ എന്നിവ൪ പ്രസ്താവനയിൽ അറിയിച്ചു. കിഴക്കൻ യുക്രെയ്നിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നപക്ഷം ഉപരോധം പിൻവലിക്കുമെന്നും ഇവ൪ പറഞ്ഞു.
അതേസമയം, കിയവിലെ യുദ്ധക്കൊതിയന്മാ൪ക്ക് നേരിട്ട് പിന്തുണ പ്രഖ്യാപിക്കുന്നതാണ് പുതിയ നടപടിയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച ബെലറൂസ് തലസ്ഥാനമായ മിൻസ്കിൽ യുക്രെയ്ൻ സ൪ക്കാറും വിമതരും തമ്മിൽ ഒപ്പുവെച്ച കരാ൪ ഇന്നലെ നിലവിൽവന്നിരുന്നു. കിഴക്കൻ മേഖലയുടെ അധികാരം വിട്ടുനൽകാതെയുള്ള കരാ൪ വിമത൪ക്ക് മേൽക്കൈ നൽകുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം ശക്തമാക്കിയ വിമത൪ കിഴക്കൻ മേഖലയിലെ തന്ത്രപ്രധാനമായ മറിയുപോൾ തുറമുഖവും പിടിക്കുമെന്നു വന്നതോടെയാണ് ഒത്തുതീ൪പ്പിന് യുക്രെയ്ൻ സ൪ക്കാ൪ വഴങ്ങിയത്. ഇരുവിഭാഗവും ബന്ദികളാക്കിയ ആയിരത്തോളം തടവുകാരുടെ മോചനത്തിനും ഇത് വഴിതുറക്കും.
അതേസമയം, വെടിനി൪ത്തൽ നിലവിൽ വന്നിട്ടും ഇരു വിഭാഗങ്ങളും തമ്മിൽ ചിലയിടങ്ങളിൽ പോരാട്ടം നടന്നതായി റിപ്പോ൪ട്ടുകളുണ്ട്. കരാ൪ ലംഘിച്ചതായി ഇരു വിഭാഗവും പരസ്പരം കുറ്റപ്പെടുത്തുന്നതും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.