തിരുവനന്തപുരം: താളമേളഘോഷങ്ങളുടെ അകമ്പടിയോടെ ഒരു വില്ലുവണ്ടി. അതില്‍ എഴുന്നെള്ളിയത് സാക്ഷാല്‍ മാവേലി. അകമ്പടിയായി 50 ഓളം വരുന്ന പുലിസംഘവും. തൊട്ടുപിന്നില്‍ ആര്‍പ്പുവിളികളുമായി കുട്ടിപ്പട്ടാളത്തിന്‍െറ നീണ്ടനിര. നന്മയുടെ പൊന്നോണത്തിന് നാന്ദികുറിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്രക്കായി എത്തിയതാണ് ഇവരെല്ലാം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് തിരിച്ച് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാനത്തിന്‍െറ മുന്നിലത്തെിയ ഘോഷയാത്ര മേയര്‍ അഡ്വ. കെ.ചന്ദ്രിക ഫ്ളാഗ് ഓഫ് ചെയ്തു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പാലോട് രവി എം.എല്‍.എയും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസും ഒപ്പമുണ്ടായിരുന്നു. നന്മയുടെ പൊന്നോണസന്ദേശം വിളിച്ചോതി ഓണപ്പാട്ടും ആര്‍പ്പുവിളികളുമായി അവര്‍ നഗരവീഥിയിലൂടെ നീങ്ങി. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലെ വിവിധ കായിക അക്കാദമികളിലെ കുട്ടികളും ഘോഷയാത്രയുടെ ഭാഗമാകാന്‍ എത്തിയിരുന്നു. ഫെന്‍സിങ്, ഫുട്ബാള്‍, ഹോക്കി, കരാട്ടെ, കളരിപ്പയറ്റ് അസോസിയേഷനുകളിലെ അംഗങ്ങളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. റോളര്‍ സ്കേറ്റിങ് അഭ്യാസവുമായി കുരുന്നുകളും അവര്‍ക്കൊപ്പം ചേര്‍ന്നു.ആറുമണിയോടെ ഘോഷയാത്ര പ്രധാന ഉത്സവനഗരിയായ കനകക്കുന്നില്‍ എത്തിച്ചേര്‍ന്നു. മാവേലിമന്നന്‍ കൊണ്ടുവന്ന ഓണപ്പതാക ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ ഏറ്റുവാങ്ങി. ഉത്സവനഗരിയില്‍ പതാക ഉയര്‍ത്തിയതോടെ ആവേശം പാരമ്യത്തിലായി. തുടര്‍ന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ വൈദ്യുതദീപാലങ്കാരത്തിന്‍െറ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. അതോടെ, മഴമേഘങ്ങള്‍ മാറിനിന്ന രാവില്‍ നഗരം പ്രകാശപൂരിതമായി. ഇനി ആഘോഷത്തിമിര്‍പ്പിന്‍െറ എഴ് രാപ്പകലുകള്‍ക്ക് നഗരം സാക്ഷ്യംവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.