ഉപഭോക്താക്കളെ വട്ടംകറക്കി ബി.എസ്.എന്‍.എല്‍

പുലാമന്തോള്‍: ഉപഭോക്താക്കള്‍ കൂടിയിട്ടും ബി.എസ്.എന്‍.എല്‍ മൊബൈല്‍-ഡാറ്റാ സര്‍വീസുകളുടെ ശേഷി വര്‍ധിപ്പിക്കുന്നില്ല. ബി.എസ്.എന്‍.എല്ലിന്‍െറ മൊബൈല്‍-ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് ശേഷി വര്‍ധിപ്പിക്കാത്തത് കാരണം കാലതാമസവും തടസ്സവും നേരിടുന്നതാണ് ഉപഭോക്താവിനെ വട്ടംകറക്കുന്നത്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ബി.എസ്.എന്‍.എല്‍ ടവറുകള്‍ക്ക് പരിസരത്ത് താമസിക്കുന്നവര്‍ പോലും ഇപ്പോള്‍ പരിധിക്ക് പുറത്താണുള്ളത്. ബി.എസ്.എന്‍.എല്‍ മൊബൈലില്‍നിന്ന് എവിടേക്ക് വിളിച്ചാലും ബീപ് ശബ്ദമോ ഡിസ്കണക്ഷന്‍ മെസേജോ ആണ് ലഭിക്കുക. പലതവണ ഡയല്‍ ചെയ്താല്‍ ചിലപ്പോള്‍ കോള്‍ കണക്ഷന്‍ കിട്ടിയെങ്കിലായി. മൊബൈല്‍ തരംഗങ്ങള്‍ പരിധിക്ക് പുറത്താണെന്നതാണത്രെ ഇതിന് കാരണം. ഒരു മാസം കാലാവധിയുള്ള ത്രീജി മൊബൈല്‍ ഡാറ്റാ കണക്ഷനെടുത്താല്‍പോലും ഉപയോഗിക്കാനാവാതെ കാലാവധി തീരുന്നതും പതിവാണ്. സിഗ്നല്‍ തകരാറും ഡാറ്റാ വിനിമയ സംവിധാനങ്ങളുടെ അമിത ഉപയോഗവുമാണ് ഇതിന് കാരണമായി പറയുന്നത്. സെല്ലുലാര്‍ സര്‍വീസിനെയും പ്രതിസന്ധി ബാധിച്ചതായി സെല്ലുലാര്‍ വിഭാഗവും പറയുന്നു. എന്നാല്‍, ഉപഭോക്താക്കളുടെ വര്‍ധനക്കനുസരിച്ച് മൊബൈല്‍ ഡാറ്റാ സര്‍വീസുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ആയിരത്തോളം മൊബൈല്‍ ടവറുകള്‍ പുതുതായി സ്ഥാപിക്കുകയും ശേഷി വര്‍ധിപ്പിക്കുകയും വേണം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അധികൃതര്‍ ഇതിനെതിരെ പുറംതിരിഞ്ഞുനില്‍ക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.