മായം, മയക്കുമരുന്ന്: റെയ്ഡുകള്‍ തുടരുന്നു

തൊടുപുഴ: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയില്‍ എക്സൈസ്, സിവില്‍ സപൈ്ളസ് , ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തുന്ന പരിശോധന ഊര്‍ജിതമാക്കി. വ്യാജമദ്യത്തിന്‍െറ ഒഴുക്ക് തടയുന്നതിന്‍െറ ഭാഗമായി എക്സൈസ് നടത്തുന്ന ‘സ്പെഷല്‍ ഡ്രൈവില്‍ ഇതുവരെ 575 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. ഇതില്‍ 82 പേര്‍ അറസ്റ്റിലായി. 60 അബ്കാരി കേസുകളും 13 കഞ്ചാവ് കേസുകളും പിടികൂടി. 471 ലിറ്റര്‍ കോടയും 47 ലിറ്റര്‍ ചാരായവും 338 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തവയില്‍പ്പെടും. വരും ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം ജില്ലാ അതിര്‍ത്തിയായ കുമളി ചെക് പോസ്റ്റില്‍ പാല്‍ ഗുണനിലവാര പരിശോധന നടത്തി. 20 ടാങ്കര്‍ ലോറികളിലായി എത്തിയ പാലുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെ പ്രാദേശിക വിപണിയിലേക്ക് കൊണ്ടുവന്ന വാഹനങ്ങള്‍ ചെക് പോസ്റ്റില്‍ പരിശോധിച്ച് അവിടെവെച്ചുതന്നെ പാലിന്‍െറ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് അധികൃതര്‍ ലോഡുകള്‍ കടത്തിവിട്ടത്. പാലില്‍ കൃത്രിമവുമായി ബന്ധപ്പെട്ട് കേസുകളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ളെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ ഗംഗാഭായി അറിയിച്ചു. തൊടുപുഴ താലൂക്ക് സിവില്‍ സപൈ്ളസ് വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ 15 ഓപണ്‍ മാര്‍ക്കറ്റുകള്‍, 11 പച്ചക്കറിക്കടകള്‍, 7 ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.