രാജേന്ദ്ര മൈതാനത്തെ സന്ധ്യകള്‍ക്ക് ഇനി ഏഴഴക്

കൊച്ചി: കായല്‍ക്കാറ്റേറ്റ് കുളിരുന്ന രാജേന്ദ്ര മൈതാനത്തെ സന്ധ്യകള്‍ക്ക് ഇനി ഏഴഴക്. വൈകുന്നേരങ്ങളില്‍ വിശ്രമത്തിനത്തെുന്നവര്‍ക്ക് വിസ്മയക്കാഴ്ചക്ക് വേണ്ടി അല്‍പസമയം ചെലവഴിക്കാം. മഴവില്ലഴക് വിരിയിച്ച് ഇന്‍റര്‍നാഷനല്‍ മള്‍ട്ടിമീഡിയ ലേസര്‍ ഷോയുടെ ഒൗദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചതോടെ പൊതുജനങ്ങള്‍ക്ക് വേണ്ടി കൗതുകക്കാഴ്ച ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 12 ഓടെ മിനിക്കുപണികള്‍ പൂര്‍ത്തിയാക്കി കാണികള്‍ക്ക് വേണ്ടി ലേസര്‍ ഷോ തുറന്നുകൊടുക്കുമെന്ന് ഉദ്ഘാടന യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. ബാബു, വി. കെ. ഇബ്രാഹിംകുഞ്ഞ്, എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, വി. പി. സജീന്ദ്രന്‍, ലൂഡി ലൂയിസ്, വി. ഡി. സതീശന്‍, അന്‍വര്‍ സാദത്ത്, മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സിനിമാ സംവിധായകന്‍ ആഷിഖ് അബു, നടി റീമ കല്ലിങ്കല്‍ എന്നിവര്‍ സംബന്ധിച്ചു. ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിന്‍െറ ഭാഗമായുള്ള പദ്ധതികളില്‍ ആദ്യത്തേതാണ് രാജേന്ദ്ര മൈതാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്‍റര്‍നാഷനല്‍ മള്‍ട്ടിമീഡിയ ലേസര്‍ ഷോ. മഴവില്ലഴക്’എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പദ്ധതി ഇന്ത്യയില്‍ രണ്ടാമത്തേതും ദക്ഷിണേന്ത്യയില്‍ ആദ്യത്തേതുമാണ്. ഫൗണ്ടെയ്ന്‍ ഡാന്‍സിങ്, വാട്ടര്‍, ലേസര്‍, ഫയര്‍, സ്മോക്, വീഡിയോ എന്നീ മാധ്യമങ്ങളിലൂടേയാണ് ഈ അത്യാധുനിക ഷോ ഒരുക്കിയിരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇളവോടെ ദിവസവും വൈകുന്നേരം 7.30 മുതല്‍ ഒരുമണിക്കൂര്‍ നേരമായിരിക്കും പരിപാടി. ഒരേസമയം 800 പേര്‍ക്ക് ഷോ കാണാനുള്ള സൗകര്യമുണ്ട്. ജി.സി.ഡി.എ നേരിട്ടാണ് നടത്തുന്നതെങ്കിലും ലേസര്‍ ടെക് ഇന്ത്യ കമ്പനിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. മൂന്നേകാല്‍ കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. തടാകത്തിനകത്ത് നിന്ന് ഉയരുന്ന 55 അടി വിസ്തീര്‍ണമുള്ള ജലസ്ക്രീനിലാണ് ഒരു മണിക്കൂര്‍ നീളുന്ന കാഴ്ചകള്‍ ഒരുക്കുന്നത്. അത്യാധുനിക ശബ്ദ സംവിധാനവും അകമ്പടിയായുണ്ടാകും.കൊച്ചിയില്‍ പദ്ധതിയിടുന്ന അണ്ടര്‍ഗ്രൗണ്ട് അക്വേറിയം ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. സിംഗപ്പൂര്‍ മാതൃകയിലാകും പദ്ധതി നടപ്പാക്കുക. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഹീലിയം ബലൂണ്‍ പദ്ധതിയും നടപ്പാക്കും. കൊച്ചിയുടെ തനിമ നിലനിര്‍ത്തിയാകും പദ്ധതികള്‍ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിനെ തുടര്‍ന്ന് ലേസര്‍ ഷോ അവതരിപ്പിച്ചു. ജോണ്‍ പോള്‍, ആഷിഖ് അബു, ബിജിബാല്‍, റീമാകല്ലിങ്കല്‍, സന്തോഷ് വര്‍മ, ഷൈജു ഖാലിദ്, സമീറാ സനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ദൃശ്യാവിഷ്കരണത്തിനൊപ്പം നടന്‍ മമ്മൂട്ടിയാണ് വിവരണം നടത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.