അരൂക്കുറ്റിയിലൊരു മാലിന്യക്കുളം

വടുതല: അരൂക്കുറ്റി പഞ്ചായത്തിലെ കാട്ടിലമഠം ലക്ഷംവീട് കോളനിക്ക് സമീപത്തെ പൊതുകുളത്തില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുളം ആദ്യകാലങ്ങളില്‍ കുടിനീരിന് പ്രയോജനപ്പെട്ടിരുന്നു. കിണര്‍ കുഴിച്ചശേഷം കുളം മറ്റുകാര്യങ്ങള്‍ക്കായും കോളനിക്കാര്‍ ഉപയോഗിച്ചു. പിന്നീട് കുളം അവഗണനയിലായി. ആരും തിരിഞ്ഞുനോക്കാതായതോടെ മാലിന്യവും ചളിയും പായലും കുളത്തില്‍ നിറഞ്ഞു. കിണറും ഇല്ലാതായി. വല്ലപ്പോഴും എത്തുന്ന ജപ്പാന്‍ കുടിവെള്ളം മാത്രമാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ആശ്രയം. പഞ്ചായത്തിന്‍െറ അധീനതയിലെ കുളം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ശുചീകരിക്കാന്‍ കഴിയുമായിരുന്നെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരവും വൃത്തിയാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഈ സൗകര്യങ്ങളൊന്നും ഉപയോഗിക്കപ്പെട്ടില്ല. കുളം അനുദിനം മലിനമാവുകയാണ്. ശുദ്ധജലസ്രോതസ്സായി സൂക്ഷിക്കപ്പെടേണ്ട കുളം ശുചീകരിച്ച് നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരുകി.മീ. ചുറ്റളവിലെ കുഴല്‍ക്കിണറുകളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ കുളം ശുചിയാക്കുന്നത് പ്രയോജനപ്പെടുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.