പാലക്കാടന്‍ രുചിക്കൂട്ടുമായി കുടുംബശ്രീ വിപണനമേളക്ക് തുടക്കം

പാലക്കാട്: മനസ്സ് കുളിര്‍പ്പിക്കുന്ന ഇളനീര്‍ വിഭവങ്ങള്‍, കൊതിപ്പിക്കുന്ന നാടന്‍ രുചിക്കൂട്ടുകള്‍, വിവിധ ഇനം അച്ചാറുകള്‍, പായസം തുടങ്ങി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ കൈപുണ്യമുള്ള നിരവധി ഭക്ഷ്യ ഇനങ്ങളുമായി കുടുംബശ്രീ ജില്ലാ ഓണം വിപണനമേളക്ക് ചെറിയ കോട്ടമൈതാനത്ത് തുടക്കമായി. ചുക്ക് കാപ്പി, പാലക്കാടന്‍ പുട്ടുപൊടി, ഹെര്‍ബല്‍ വെജിറ്റബിള്‍ സാന്‍ഡ്വിച്ച് എന്നിവയും വില്‍പനക്കുണ്ട്. അര്‍ച്ചന കറിക്കത്തികള്‍, അഷ്ടമംഗല്യ പാത്രം, ശില്‍പശ്രീയുടെ ഓട്ടില്‍ തീര്‍ത്ത വിളക്കുകള്‍, മുള ഉല്‍പന്നങ്ങള്‍ എന്നിവയും ആകര്‍ഷകങ്ങളാണ്. കൈത്തറി വസ്ത്രങ്ങളുടെ ശേഖരവും മേളയിലുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ട യൂനിറ്റുകളും യുവശ്രീ പദ്ധതിയിലുള്‍പ്പെട്ട സംരംഭങ്ങളുമാണ് മേളയില്‍ പങ്കെടുക്കുന്നത്. 32 സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുളളത്. അയല്‍ക്കൂട്ടങ്ങള്‍ക്ക് സബ്സിഡി ഇനത്തില്‍ 10,000 രൂപ വീതം അനുവദിച്ചിരുന്നു. ചെറിയ കോട്ടമൈതാനത്ത് ഓണം വിപണനമേള ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്‍റ് പി.എം. മുരളീധരന്‍ സംസാരിച്ചു. കെ.വി. രാധാകൃഷ്ണന്‍ സ്വാഗതവും എ.ഡി.എം സി.എ. മൊയ്തീന്‍ നന്ദിയും പറഞ്ഞു. മേള സെപ്റ്റംബര്‍ ആറിന് സമാപിക്കും. കഴിഞ്ഞ വര്‍ഷം എല്ലാ ചന്തകളിലും കൂടി 2.36 കോടി രൂപ വിറ്റുവരവുണ്ടായിരുന്നു. ഈ വര്‍ഷം മൂന്ന് കോടിയുടെ വിറ്റുവരവാണ് ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.