അധ്യാപക ദിനത്തിലെ മോദിപ്രസംഗം

മോദി സ൪ക്കാ൪ അധികാരമേറ്റ പ്രഥമദിനം മുതൽ ആരംഭിച്ചതാണ് വിദ്യാഭ്യാസ വകുപ്പിൻെറ ഹിന്ദുത്വ താൽപര്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ. മാനവവിഭവ വികസന മന്ത്രാലയത്തിൻെറ ഹിഡൻ അജണ്ടകളുടെ പട്ടികയിലേക്ക് പ്രഥമ രാഷ്ട്രപതി ഡോ. സ൪വേപ്പള്ളി രാധാകൃഷ്ണൻെറ ജന്മദിനമായ സെപ്റ്റംബ൪ അഞ്ചിലെ അധ്യാപക ദിനാചരണവും കടന്നുവന്നിരിക്കുന്നു. അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയം പുറത്തിറക്കിയ സ൪ക്കുലറിൽ അധ്യാപക ദിനം  എന്നതിനു പകരം പ്രയോഗിച്ചത് ഗുരു ഉത്സവ് 2014 എന്നാണ്. സംഘ് രാഷ്ട്രീയ നിഘണ്ടുവിൽ സമൃദ്ധമായി ഉപയോഗിക്കുന്ന പദമാണ് സ്മൃതി ഇറാനിയുടെ മന്ത്രാലയം ഉപയോഗിച്ചതെന്നത് സംഘ് രാഷ്ട്രീയം അറിയുന്നവ൪ക്ക് ഒരു സംശയവുമില്ലായിരുന്നു. പിന്നീട്, രാജ്യത്തെ മുഴുവൻ വിദ്യാ൪ഥികളും പ്രധാനമന്ത്രിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനുവേണ്ടി സ്കൂളുകൾ നി൪ബന്ധ ഒരുക്കങ്ങൾ  നടത്തണമെന്ന ഉത്തരവും പുറത്തുവന്നു. ഡൽഹിയിലെ അധ്യാപകരും തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വവും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ബംഗാളിൽ പ്രധാനമന്ത്രിയുടെ പ്രഭാഷണം പ്രക്ഷേപണം ചെയ്യുകയില്ളെന്ന് മുഖ്യമന്ത്രി മമത ബാന൪ജി പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാനാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവും കേന്ദ്രത്തിൻെറ അമിതാധികാര പ്രയോഗവുമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന വിമ൪ശം അക്കാദമിക ബുദ്ധിജീവികളും ഉയ൪ത്തിയിട്ടുണ്ട്. ഇതിനത്തെുട൪ന്ന് മന്ത്രി സ്മൃതി ഇറാനി ഗുരു ഉത്സവ് എന്നത്  അധ്യാപകദിനത്തിൻെറ പേരല്ല; പ്രബന്ധമത്സരത്തിൻെറ പേര് മാത്രമാണെന്നും പ്രധാനമന്ത്രിയുടെ പ്രഭാഷണം ശ്രവിക്കൽ ഐച്ഛികം മാത്രമാണെന്നും വിശദീകരിച്ച് പ്രതിഷേധത്തെ തണുപ്പിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.  
 യഥാ൪ഥ വസ്തുതകൾ കേന്ദ്രമന്ത്രി പറയുന്നതിൽനിന്ന് ഭിന്നമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ട൪മാ൪ക്ക് അയച്ച സ൪ക്കുലറിൽ ഗുരു ഉത്സവ് സന്ദ൪ഭത്തിൽ പ്രധാനമന്ത്രി വിദ്യാ൪ഥികളോട് സംവദിക്കുന്നെന്ന് കൃത്യമായി പറയുന്നുണ്ട്. ഉത്തരവിൻെറ ഭാഷയിൽ വിദ്യാ൪ഥികളെ നി൪ബന്ധമായി പങ്കെടുപ്പിക്കണമെന്ന സ്വരമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് ഐ.എ.എസ് ആഗസ്റ്റ് 29ന് ഇറക്കിയ സ൪ക്കുലറിൽ അത് വ്യക്തവുമാണ്. സെപ്റ്റംബ൪ അഞ്ചിന് വൈകുന്നേരം മൂന്നു മണി മുതൽ 4.30 വരെ നടക്കുന്ന  പരിപാടിക്കുവേണ്ട ക്രമീകരണങ്ങൾ 2.30ന് മുമ്പുതന്നെ പൂ൪ത്തീകരിക്കുക, ട്രയൽ ഡിസ്പ്ളേ സെപ്റ്റംബ൪ ഒന്നിന് നടത്തുക, പരിഭാഷക്ക് അധ്യാപകരുടെ സേവനം ഉറപ്പാക്കുക, ടി.വി അല്ളെങ്കിൽ റേഡിയോ എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് വാങ്ങുക തുടങ്ങി ധാരാളം നി൪ദേശങ്ങൾ കാണാം. തയാറെടുപ്പുകളുടെ റിപ്പോ൪ട്ട് സെപ്റ്റംബ൪ ഒന്നിന് വൈകുന്നേരം അഞ്ചിനും പരിപാടിക്കുശേഷം പങ്കെടുത്ത കുട്ടികളുടെ എണ്ണവും ഉപയോഗിച്ച മാധ്യമവും കാണിച്ചുള്ള റിപ്പോ൪ട്ട് അന്നുതന്നെ അഞ്ചിന് സമ൪പ്പിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു. ജില്ലാതല ചുമതല അതത് ഉപഡയറക്ട൪മാ൪ക്കും നൽകിയിട്ടുണ്ട്. ഇത്രയധികം ക൪ശന നി൪ദേശം ലഭിക്കുന്ന പ്രഥമാധ്യാപകന്  വിദ്യാലയത്തിൽ ഈ പരിപാടി നി൪ബന്ധമായി നടത്തണമെന്നും കുട്ടികളെ അതിലും നി൪ബന്ധമായി പങ്കെടുപ്പിക്കണമെന്നും വിശേഷിച്ചാരും പറഞ്ഞുകൊടുക്കേണ്ടതില്ല.
തീ൪ച്ചയായും, പ്രധാനമന്ത്രിക്ക് അധ്യാപക ദിനത്തിൽ  കുട്ടികളെ അഭിമുഖീകരിച്ച് സംസാരിക്കാൻ  അവകാശമുണ്ട്. പക്ഷേ, അതിന് പ്രധാനമന്ത്രിയും മാനവ വിഭവശേഷി വികസന മന്ത്രാലയവും ജനാധിപത്യപരവും പ്രായോഗികവുമായ സമീപനമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്.  ദൃശ്യ/അച്ചടി മാധ്യമങ്ങളിലും  പ്രഭാഷണം വിദ്യാലയങ്ങളിലേക്ക് അയച്ചും സന്ദേശം കൈമാറാവുന്നതായിരുന്നു. അതിനുപകരം, ഫെഡറലിസത്തെ ഹനിച്ച് അമിതാധികാര പ്രയോഗത്തിലൂടെ വിദ്യാ൪ഥികളെ  അഭിമുഖീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഇത് ജനാധിപത്യ മര്യാദകൾക്ക് വിരുദ്ധവും ഏകാധിപത്യപ്രവണതകളുടെ പ്രത്യക്ഷ പ്രകടനവുമാണ്.
നെഹ്റു മുതൽ മുൻ രാഷ്ട്രപതി അബ്ദുൽ കലാം വരെയുള്ളവ൪ കുട്ടികളോട് ഹൃദ്യമായി ഇടപഴകുകയും അവരെ നിരന്തരമായി പ്രചോദിപ്പിച്ച് രാജ്യത്തിൻെറ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ മികച്ച മാതൃകകളായിരുന്നു. പക്ഷേ, അവരാരും അധികാരത്തിൻെറ  മേധാശക്തി വിദ്യാ൪ഥികളുടെ മേൽ അടിച്ചേൽപിച്ചായിരുന്നില്ല അത് നി൪വഹിച്ചത്. സംസ്ഥാനങ്ങളുടെ അവകാശവും ജനാധിപത്യപരമായ മര്യാദകളും അവ൪ കണിശമായി പാലിച്ചിരുന്നു. വിവാദങ്ങളിൽ  അഭിരമിക്കാനോ പ്രതിച്ഛായ നി൪മാതാക്കളുടെ കൈകളിൽ കുരുങ്ങിക്കിടക്കാനോ തയാറായിരുന്നുമില്ല. പ്രധാനമന്ത്രിക്ക് സ്വപ്രഭാഷണങ്ങളോട്  അതിരുകവിഞ്ഞ അഭിനിവേശമുണ്ടെന്നത് എല്ലാവ൪ക്കും അറിയാവുന്നതാണ്. അത് സാക്ഷാത്കരിക്കാനും ഭാവിയെക്കുറിച്ച് അനേകം സ്വപ്നങ്ങളുള്ള പ്രധാനമന്ത്രിയാണ് താനെന്ന് സ്ഥാപിക്കാനും ഒന്നേമുക്കാൽ മണിക്കൂ൪ നീണ്ടുനിൽക്കുന്ന ഒരു ‘ചായ് പി ച൪ച്ച’ക്ക് വിദ്യാ൪ഥികളെ ഇരയാക്കേണ്ടതില്ല.  പ്രവ൪ത്തനങ്ങളിൽ ആത്മാ൪ഥതയുണ്ടെങ്കിൽ ജനങ്ങൾ അംഗീകരിക്കുമെന്ന ഡോ. എസ്. രാധാകൃഷ്ണൻെറ ജീവിതപാഠം ഇപ്പോൾ ഭരിക്കുന്നവ൪ക്കും ഉപകാരപ്രദമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT