മലപ്പുറം: കാൽപന്തുകളിയുടെ ഹൃദയഭൂമിയിൽ ഉരുണ്ടുതുടങ്ങിയ സൂപ്പർ ലീഗ് പന്താട്ടത്തിൻറെ ആരവം അതിൻറെ പാരമ്യത്തിലാണ്. ആതിഥേയരുടെ മത്സരങ്ങൾക്കാകട്ടെ ഗാലറി നിറഞ്ഞുതുളുമ്പുന്ന സ്ഥിതിയും. മലപ്പുറം എഫ്.സിയും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള മത്സരം നടന്നത് കോരിച്ചൊരിയുന്ന മഴയത്തായിരുന്നു. നിലക്കാത്ത പേമാരിയിലും താരങ്ങൾക്കാവേശമായി ആരാധകർ ഗ്യാലറി അടക്കിവാണു. ആർത്തു പെയ്ത മഴയിലും തങ്ങളുടെ താരങ്ങൾക്ക് ആർപ്പുവിളിച്ചും കൈയ്യടിച്ചും അവർ പയ്യനാടിനെ മലബാറിലെ ആൻഫീൽഡും ഇത്തിഹാദുമാക്കി.
പയ്യനാട് സ്റ്റേഡിയം
കുടുംബസമേതം വീടുപൂട്ടിപ്പോന്ന ഉമ്മമാരും പെങ്ങമ്മാരും പയ്യനാടിന് പുതിയ കാഴ്ചകളല്ല. എന്നാൽ, ജില്ലയുടെ കായികഭൂപടത്തെ രാജ്യത്തിന് പരിചയപ്പെടുത്തിയ പയ്യനാട്ടിലെ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിലെ ഗാലറിയിലെ സൗകര്യങ്ങൾ ഇത്രമതിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മലപ്പുറം എഫ്.സിയുടെ ഓരോ മത്സരങ്ങൾക്കും കാണികളുടെ എണ്ണം വർധിച്ചുവരുകയാണ്.
കള്ളിയത്ത് ടി.എം.ടിയും ‘മാധ്യമ’വും ചേർന്ന് സംഘടിപ്പിക്കുന്ന ഫുട്ബാൾ കാരവന്റെ പശ്ചാത്തലത്തിൽ, മലപ്പുറം എഫ്.സിക്കൊപ്പം പയ്യനാട് സ്റ്റേഡിയവും ശ്രദ്ധാകേന്ദ്രമാവുകയാണ്. ജില്ലയിലെ ഏറ്റവും വലിയ മൈതാനമാണിത്. എന്നാൽ, സ്റ്റേഡിയത്തിൻറെ കപ്പാസിറ്റിയാകട്ടെ 15000 മാത്രവും. ‘‘മലപ്പുറത്ത് ഒരു ലക്ഷം കപ്പാസിറ്റിയുള്ള സ്റ്റേഡിയം വേണം, 50K മതിയാവില്ല, ഇത് മലപ്പുറമാണ്’’ സന്തോഷ് ട്രോഫിയുടെ ഫൈനൽ മത്സരം കാണാനെത്തിയ സമയത്ത് ആരാധകർ പിടിച്ച പോസ്റ്ററിലെ വാക്കുകളിലൊന്നാണിത്. ഇപ്പോൾ സൂപ്പർ ലീഗ് കേരളക്കും സമാനമായ അവസ്ഥ വിശേഷമാണ്. കാൽലക്ഷത്തോളം പേരാണ് ഓരോ മത്സരത്തിനും പയ്യനാടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.