സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കാസർകോട് ജില്ലയിൽ നിന്നെത്തിയ താരങ്ങളെ മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മധുരം നൽകി സ്വീകരിക്കുന്നു - വിപിൻദാസ് വൈ.ആർ.
തിരുവനന്തപുരം: പൊയ്തൊഴിയാതെ നിൽക്കുന്ന മഴ മേഘങ്ങളെ സാക്ഷിയാക്കി ട്രാക്കിലും ഫീൽഡിലും ഇടിമിന്നലാകാൻ കായിക കേരളത്തിന്റെ ചുണക്കുട്ടികൾ ബുധാനാഴ്ച ഇറങ്ങും. പുതിയ ഉയരവും വേഗവും ലക്ഷ്യങ്ങളും അവർ സ്വപ്നങ്ങൾ കാണുമ്പോൾ അവക്ക് മേലെ കാർമേഘങ്ങളാൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് തലസ്ഥാനം. ഈ മാസം 24 വരെ തിരുവനന്തപുരത്ത് ശക്തമായ തുലാമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ഇതിന്റെ ഭാഗമായി യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവചനം ഫലിച്ചാൽ ഭിന്നശേഷി കുട്ടികൾക്കടക്കം നടത്തുന്ന അത്ലറ്റിക്സ്, ക്രിക്കറ്റ്, ഫുട്ബാൾ, ഹോക്കി, കബഡി മത്സരങ്ങൾ അടക്കം വെള്ളത്തിലാകും. കഴിഞ്ഞ ദിവസത്തെ മഴയിൽ മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയമടക്കം ചെളികുളമായി കഴിഞ്ഞു. ഗ്രൗണ്ടുകൾ പലതും വെള്ളക്കെട്ടിലായി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തുമ്പ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മെഡിക്കൽ കോളജ് ഗ്രൗണ്ടിലുമാണ് ക്രിക്കറ്റ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. മഴ ചതിച്ചാൽ ക്രിക്കറ്റ് മത്സരങ്ങൾ പൂർത്തിയാക്കുക സംഘാടകർക്ക് വെല്ലുവിളിയാകും.
23 മുതലാണ് സബ് ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങളുടെ അത് ലറ്റിക്സ് മത്സരങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ അവസാന ലാപ്പിലാണ്. ബുധനാഴ്ച നടക്കുന്ന മത്സരങ്ങൾക്കായി ഭിന്നശേഷി കുട്ടികളടക്കം കാസർകോടിന്റെ ആദ്യ സംഘം തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ തലസ്ഥാനത്തെത്തി. യു.എ.ഇയിൽ നിന്നുള്ള ആദ്യ സംഘവും തിങ്കളാഴ്ച രാവിലെയോടെ എത്തി. മറ്റ് ജില്ലകളിൽ നിന്നുള്ള കായിക താരങ്ങളും രക്ഷിതാക്കളും അധ്യാപകരും ഇന്ന് തലസ്ഥാനത്തെത്തും.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്റെ സ്വർണക്കപ്പാണ് ഇത്തവണ നൽകുന്നത്. നിലവിൽ ആതിഥേയരായ തിരുവനന്തപുരം ജില്ലയിലാണ് ഓവറോൾ ചാമ്പ്യന്മാർ. കഴിഞ്ഞവർഷം കൊച്ചിയിൽ നടന്ന പ്രഥമ സ്കൂൾ ഒളിമ്പിക്സിൽ നീന്തൽകുളത്തിലെയും ഗെയിംസിലെയും മെഡൽ വേട്ടയാണ് തിരുവനന്തപുരത്തെ ഓവറോൾ കിരീടത്തിലേക്ക് നയിച്ചത്. അതേസമയം ഈ വർഷവും അത്ലറ്റിക്സിൽ കീരീടം നിലനിറുത്തുമെന്ന് പ്രഖ്യാപിച്ചാണ് മലപ്പുറത്തിന്റെ വരവ്. കഴിഞ്ഞവർഷം പാലക്കാടിന്റെയും എറണാകുളത്തിന്റെയും കോട്ടകൾ തകർത്തെറിഞ്ഞാണ് മഹാരാജാസ് കോളജിലെ സിന്തറ്റിക് ട്രാക്കിൽ മലപ്പുറത്തിന്റെ സുൽത്താൻമാർ പുതുചരിത്രമെഴുത്തിയത്. ഈ വർഷവും കിരീടം നിലനിറുത്താൻ ഗെയിംസ് ഇനങ്ങളിലടക്കം രണ്ടായിരം കായികതാരങ്ങളാണ് മലപ്പുറം തിരുവനന്തപുരത്തിറക്കുന്നത്.
അത്ലറ്റിക്സിൽ 300 താരങ്ങളും നീന്തലിൽ 200 പേരും ഗെയിംസിൽ 1400 പേരും ഇൻക്ലൂസീവ് ഗെയിംസിൽ 200 താരങ്ങളും പങ്കെടുക്കും. ഈ വർഷം നേരത്തെ പൂർത്തിയായ സീനിയർ ആൺകുട്ടികളുടെ ഫുട്ബാളിൽ മലപ്പുറം സ്വർണം നേടിയിട്ടുണ്ട്. സീനിയർ ആൺകുട്ടികളുടെ ബാസ്കറ്റ് ബാൾ, സോഫ്റ്റ് ബാൾ എന്നിവയിൽ വെള്ളിയുമുണ്ട്.
സബ്ജൂനിയർ, ജൂനിയർ ചെസിലും സ്വർണം നേടി. തുടർച്ചയായ മൂന്നാം വർഷവും മികച്ച കായിക സ്കൂളിനുള്ള കിരീടം ലക്ഷ്യമിട്ട് മലപ്പുറത്തിന്റെ 'മെഡൽ ബാങ്ക് 'ഐഡിയൽ കടകശ്ശേരിയുടെ 50 കായികതാരങ്ങളാണ് ഇക്കുറി സംസ്ഥാന മീറ്റിനുള്ളത്. അതേസമയം കഴിഞ്ഞ വർഷം കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാൻ പറളിയുടെ മുണ്ടൂരിന്റെയും ചിറകിലേറിയാണ് പാലക്കാടിന്റെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.