തിരുവനന്തപുരം: ‘ഓക്കെ....’- എതുവുമെ മുടിയാതെന്നൊരു നിമിഷം വന്നാലും ഏറെ ഇഷ്ടം തോന്നിയൊരു പോയന്റ് വീണാലും അലന്റെ ഹൃദയത്തിൽ നിന്നൊരു പോർവിളി ഉച്ചസ്ഥായിയിൽ ഉയരും. അതവന് തന്നെയുള്ളൊരു ഓർമപ്പെടുത്തലാണ്, എതിരാളിയുടെ നെഞ്ചിടിപ്പേറ്റുന്ന വെല്ലുവിളിയും. ‘അന്ത സൗണ്ട് താൻ എനെ മോട്ടിവേറ്റ് ആക്ക്ത്’- കന്യാകുമാരി തമിഴിൽ മലയാളം കലർത്തി പത്താം ക്ലാസുകാരൻ പറയുമ്പോൾ കഴുത്തിൽ രണ്ട് സ്വർണമെഡലുകളാണ് തിളക്കത്തോടെ നിറഞ്ഞുകിടന്നത്. എതിരാളികളുടെ നെഞ്ചിൽ കുത്തി നിർത്തിയ ഫെൻസിങ് വാൾ തലപ്പുമായി പോയന്റുകൾ നേടുന്നതിനിടയിൽ അലൻ ക്രൈസ്റ്റിന്റെ ശബ്ദം ഉയർന്നുകേൾക്കുമ്പോൾ കാഴ്ചക്കാരിലും ഫെൻസിങ് ആവേശമായി നിറയും.
ഭൂരിഭാഗം കുട്ടി മത്സരാർഥികളും നിശ്ശബ്ദ പാലിച്ച് നിന്ന ഫെൻസിങ് പിസ്റ്റിൽ പ്രഫഷണൽ ഫെൻസറുടെ എല്ലാഭാവവും നിറയുന്ന ആവേശമാണ് അലന്റെ സ്വരത്തിലൂടെ നിറയുന്നതെന്ന് എതിർസംഘങ്ങൾ പോലും സമ്മതിക്കും. സീനിയർ ആൺകുട്ടികളുടെ ഫെൻസിങ് എപ്പെ വിഭാഗത്തിൽ കണ്ണൂരിനായി സിംഗിൾ സ്വർണവും ടീം സ്വർണവും പോരാടിയെടുത്ത അലൻ ക്രൈസ്റ്റ് ആണ് ആർത്തുവിളിച്ച് കട്ട സെൽഫ് മോട്ടിവേഷനുമായി കാഴ്ചക്കാർക്കും എതിരാളികൾക്കും ഒരുപോലെ ആവേശക്കാഴ്ചയായത്. ഫെൻസിങ് എന്ന ഒറ്റമൈൻഡുമായി തമിഴ്നാട് കന്യാകുമാരിയിൽ നിന്ന് കണ്ണൂരിൽ എത്തിയതാണ് 15കാരനായ അലൻ ക്രൈസ്റ്റ്.
സ്പോർട്സ് നെഞ്ചിലേറ്റി കബഡി കളത്തിൽ ഇറങ്ങി, വലംകൈയിലെ കൈക്കുഴ വിട്ടുപോയ പരിക്കുമായി കരഞ്ഞ അഞ്ചാം ക്ലാസുകാരന് വീട്ടുകാരുടെ വഴക്കിൽനിന്ന് രക്ഷപ്പെടുത്താൻ മാമനാണ് ഫെൻസിങ് കാണിച്ചുകൊടുത്തത്. അവിടെനിന്ന് വളർന്ന അലൻ, തമിഴ്നാടിനായി നാഷനൽ മെഡൽ വരെ വാങ്ങിനിൽക്കവെ ആണ് കണ്ണൂർ മുണ്ടയാട് ഡി.എസ്.എ അക്കാദമി കോച്ച് അരുൺ എസ്.നായരുടെ കണ്ണിൽ പെട്ടത്.
സെലക്ഷൻ ട്രയലിൽ ഭാവി വാഗ്ദാനം എന്ന് ഉറപ്പിച്ചതോടെ കണ്ണൂരിലേക്ക് കൂട്ടി. കൂലിപ്പണിക്കാരനായ എ. സുന്ദർരാജിനും ഭാര്യ എൻ.ജെബാറാണിക്കും മകന്റെ ഫെൻസിങ്ങിനോടുള്ള ഇഷ്ടത്തിനൊപ്പം നിന്നപ്പോൾ, ഇത്തവണ കേരളത്തിന്റെ സ്കൂൾ കായികമേളയിൽനിന്ന് രണ്ട് സ്വർണവും കന്യാകുമാരി കാട്ടാത്തുറ മഞ്ചാടിവിളയിലേക്ക് വണ്ടികയറി. സിംഗ്ൾ സ്വർണത്തിന് പിന്നാലെ, ടീം ഇനത്തിൽ കണ്ണൂർ മേലെ ചൊവ്വ എച്ച്.എസ്.എസിന്റെ പ്ലസ് ടുക്കാരായ എം.എ. നെവാനും അർജുൻ സന്തോഷിനും ചെലോറ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺകാരൻ റിഷികേഷ് ഗിരിക്കും ഒപ്പം ആണ് അലൻ ക്രൈസ്റ്റ് സ്വർണം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.