സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രായതട്ടിപ്പിൽ അന്വേഷണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സീനിയർ ഗേൾസ് 100 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളിൽ രണ്ടാം സ്ഥാനം നേടിയ ഉത്തർപ്രദേശുകാരി ജ്യോതി ഉപാധ്യക്കെതിരെയും ഇവർ പഠിക്കുന്ന കോഴിക്കോട് പുല്ലൂരാംപാറ എച്ച്.എസ്.എസിനെതിരെയുമാണ് അന്വേഷണം. മത്സരങ്ങളിൽ തൊട്ടുപിന്നിലെത്തിയ പാലക്കാട് വടവന്നൂർ വി.എം.എച്ച്.എസിലെയും പാലക്കാട് ബി.ഇ.എം.എച്ച്.എസിലെയും കുട്ടികളാണ് കായികമേളയുടെ ഓർഗനൈസിങ് കമ്മിറ്റിക്ക് പരാതി നൽകിയിരിക്കുന്നത്.
സീനിയർ വിഭാഗത്തിൽ 19 വയസ്സിനു താഴെ പ്രായമുള്ളവർക്കാണ് മത്സരിക്കാൻ അനുമതിയുള്ളത്. എന്നാൽ ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെ ഡാറ്റ ബേസിൽ 2004 മേയ് നാലിന് ജനിച്ച ജ്യോതിക്ക്, 21 വയസ്സും അഞ്ചു മാസവും 21 ദിവസവും പ്രായമുണ്ട്. ഇത് കൂടാതെ ഒക്ടോബർ ആറാം തീയതി ആണ് മത്സരാർഥി സ്കൂളിൽ അഡ്മിഷൻ എടുത്തതെന്നും ആരോപണമുണ്ട്. എന്നാൽ ഇവർ ജ്യോതി അടക്കമുള്ള ഇതരസംസ്ഥാന കായികതാരങ്ങൾ ഒരു വർഷം മുമ്പാണ് സ്കൂളിൽ അഡ്മിഷൻ എടുത്തതെന്നാണ് പരിശീലകൻ അനന്തുവിന്റെ വാദം.
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എച്ച്. ആർ. ഡി. എസ്. എന്ന സംഘടന വഴിയാണ് ജ്യോതി കേരളത്തിലേക്ക് വന്നത്. പരാതി അടിസ്ഥാനമാക്കി ഇതേ സംഘടന വഴി സ്കൂളിലേക്ക് എത്തിയ മറ്റ് മത്സരാർഥികളുടെ വിവരങ്ങളും പുന:പരിശോധിക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് തിരിച്ചറിയുകയാണെങ്കിൽ മത്സരാർഥി പ്രതിനിധീകരിക്കുന്ന ജില്ലയുടെയും സ്കൂളിന്റെയും പോയന്റ് കുറക്കുന്നതിനും നടപടിയുണ്ടാകും. അതിനു പിന്നാലെ മത്സരാർഥിക്കെതിരെയും ഇവരെ മത്സരിപ്പിച്ച സെൻറ് ജോസഫ് പുല്ലൂരാംപാറക്കെതിരെയും നിയമനടപടികൾ ഡിപ്പാർട്ട്മെൻറ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻസ് സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.