കാലവര്‍ഷക്കെടുതികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം

കൊല്ലം: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ചവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പ്രമേയം. പി.കെ. ഗുരുദാസന്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലയില്‍ മഴമൂലം തകര്‍ന്ന റോഡുകള്‍ എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അഞ്ചാലുംമൂട് ബ്ളോക് ഓഫിസ് നിലനിന്നിരുന്ന കെട്ടിടം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ചിറ്റുമല സോണല്‍ ഓഫിസായി കെട്ടിടം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്കുളംകടവില്‍ തൂക്കുപാലം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ. രാജു എം.എല്‍.എ ആവശ്യപ്പെട്ടു. പുത്തൂര്‍ ചീരങ്കാവ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇരുമ്പനാട് വട്ടമണ്‍കാവ് റോഡില്‍ വശങ്ങള്‍ തകര്‍ന്നത് നന്നാക്കണമെന്ന് ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ലോണുകള്‍ ലഭ്യമാക്കാത്ത ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജഗദമ്മ ടീച്ചര്‍ ആവശ്യപ്പെട്ടു. സര്‍വീസില്‍നിന്ന് വിരമിച്ച ഐ ആന്‍ഡ് പി.ആര്‍.ഡി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. നാസറിന് ജില്ലാ വികസന സമിതി യോഗത്തില്‍ യാത്രയയപ്പ് നല്‍കി. ആര്‍.ഡി.ഒ സി. സജീവ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.