എസ്.എസ് കോവില്‍റോഡിലെ വെള്ളപ്പൊക്ക നിവാരണം ഉടന്‍ –മന്ത്രി

തിരുവനന്തപുരം: തമ്പാനൂര്‍ എസ്.എസ് കോവില്‍റോഡിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍. പദ്ധതിക്കുവേണ്ടിയുള്ള ടോപോഗ്രാഫിക് സര്‍വേ കെ.എസ്.യു.ഡി.പി നേതൃത്വത്തില്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. തമ്പാനൂരിലെ വെള്ളപ്പൊക്ക നിവാരണപ്രവര്‍ത്തനങ്ങളുടെ പുരോഗതി സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 25 വര്‍ഷമായി തുടരുന്ന മഴവെള്ളപ്പൊക്ക പ്രശ്നത്തില്‍നിന്ന് തമ്പാനൂരിനെ മോചിപ്പിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം നഗര-റോഡ് വികസനപദ്ധതിയുടെ ഭാഗമായി, ബേക്കറി ജങ്ഷന്‍-തമ്പാനൂര്‍-ഓവര്‍ബ്രിഡ്ജ് റോഡിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് നടത്തിവരുമ്പോഴാണ് തമ്പാനൂരിലെ വെള്ളപ്പൊക്ക നിവാരണത്തിന് തുടക്കമായത്. ബേക്കറി ജങ്ഷന്‍ മുതല്‍ ഉപ്പിലാംമൂട് വരെയുള്ള ആമയിഴഞ്ചാന്‍ തോടിന്‍െറ ഭാഗത്തെ മാലിന്യം നീക്കംചെയ്യുന്നതിനും വഞ്ചിയൂര്‍ ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും 10 കോടിയുടെ എ.ഡി.ബി ധനസഹായത്തോടെയുള്ള പദ്ധതിമൂലം സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. കൗണ്‍സിര്‍ ആര്‍. ഹരികുമാര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ജനറല്‍ മാനേജര്‍ എന്‍. സുദര്‍ശനന്‍ പിള്ള, പ്രോജക്ട് കോഓഡിനേറ്റര്‍ ആര്‍. അജയകുമാര്‍, കെ.എസ്.യു.ഡി.പി പ്രോജക്ട് മാനേജര്‍ എസ്. രവികുമാര്‍, ഡ്രാഫ്റ്റിങ് ഓഫിസര്‍ വി.എസ്. വിനീത്, പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബേബി ജോണ്‍സ്, അസി. എന്‍ജിനീയര്‍ ആര്‍. ബിജുകുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ തമ്പാനൂര്‍ സതീഷ്, വി.കെ. അനില്‍ കുമാര്‍, പി.എസ്. രാജേഷ്, കെ.ആര്‍. രാജേന്ദ്രകുമാര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.