നഷ്ടപരിഹാര പാക്കേജ് അംഗീകരിക്കില്ല –മനോജ് ചരളേല്‍

പത്തനംതിട്ട: തൃശൂരിലെ മാടക്കത്തറയിലേക്ക് നിര്‍ദിഷ്ട 400 കെ.വി ലൈന്‍ വലിക്കുമ്പോള്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നാശത്തിന് സര്‍ക്കാറിന്‍െറ നഷ്ടപരിഹാര പാക്കേജ് അംഗീകരിക്കാന്‍ കഴിയില്ളെന്ന് കൂടങ്കുളം ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ മനോജ് ചരളേല്‍ അറിയിച്ചു. നിര്‍ദിഷ്ട പാക്കേജ് പ്രഖ്യാപിച്ചത് സമര സമിതിയുമായോ ജനപ്രതിനിധികളുമായോ ആലോചിക്കാതെയാണ്. 2006 മുതല്‍ സര്‍ക്കാര്‍ തലത്തില്‍ ഒമ്പതുതവണ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നിട്ടുള്ളതാണ്. ആ യോഗങ്ങളിലൊന്നും ഈ പാക്കേജിനെ സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. കൂടങ്കുളത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് കൊല്ലം-പത്തനംതിട്ട-കോട്ടയം-എറണാകുളം ജില്ലകളിലെ ലക്ഷക്കണക്കിന് കര്‍ഷകരെ ബാധിക്കുന്ന നിര്‍ദിഷ്ട അലൈന്‍മെന്‍റ് ഒഴിവാക്കി ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടാക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സിലും ജനപ്രതിനിധികളും രാഷ്ട്രീയ ഭേദമന്യേ ഇതുവരെ സ്വീകരിച്ച നിലപാട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമെ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പലതവണ വ്യക്തമാക്കിയതാണ്. വസ്തുതകള്‍ ഇതായിരിക്കേ കോമ്പന്‍സേഷന്‍ പാക്കേജ് ഏകപക്ഷീയമായി പ്രഖ്യാപിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറും പവര്‍ഗ്രിഡ് കോര്‍പറേഷനും ശ്രമിച്ചാല്‍ സമരപരിപാടികളിലൂടെ ചെറുത്തുതോല്‍പിക്കുമെന്ന് മനോജ് അറിയിച്ചു. പവര്‍ഗ്രിഡ് കോര്‍പറേഷനെക്കൊണ്ട് ഹൈകോടതിയില്‍ കേസ് കൊടുപ്പിച്ച് പൊലീസ് പ്രൊട്ടക്ഷന്‍ വാങ്ങിയ നടപടി ദുരൂഹമാണ്. അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് കര്‍ഷകരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി ലൈന്‍ വലിക്കാനാണ് ശ്രമമെങ്കില്‍ കേരളത്തില്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് വഴിതെളിക്കും. സെപ്റ്റംബര്‍ 13ന് കോട്ടയത്ത് ചേരുന്ന ബഹുജന കന്‍വെന്‍ഷന്‍ ഭാവി സമര പരിപാടികള്‍ പ്രഖ്യാപിക്കും. ഒമ്പത് വര്‍ഷമായി സമരരംഗത്തുള്ള കൂടങ്കുളം 400 കെ.വി പവര്‍ ഹൈവേ വിരുദ്ധ സമിതി സമരം അവസാനിപ്പിച്ചിട്ടില്ളെന്നും നഷ്ടപരിഹാര പാക്കേജ് തള്ളുമെന്നും മറ്റ് പ്രചാരണങ്ങള്‍ ശരിയല്ളെന്നും സമരസമിതി ചെയര്‍മാന്‍ അറിയിച്ചു. ലൈന്‍ വലിക്കുന്നതുമൂലം ജനങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാകുന്നത് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും മണ്ഡലങ്ങളിലാണ്. ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന് പറഞ്ഞവരുടെ നിലപാട് ആത്മാര്‍ഥതയുള്ളതാണെങ്കില്‍ ഈ കാര്യത്തിലുള്ള സത്യസന്ധമായ നിലപാട് ഉടന്‍ വ്യക്തമാക്കണമെന്ന് മനോജ് ചരളേല്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.