സംഘങ്ങളുടെ ഉല്‍പന്നം വിറ്റഴിക്കാന്‍ ജില്ലകളില്‍ സ്ഥിരം കേന്ദ്രങ്ങള്‍ –മന്ത്രി കെ.സി. ജോസഫ്

കോട്ടയം: ഐ.ആര്‍.ഡി.പി, കുടുംബശ്രീ, സ്വാശ്രയ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ 14 ജില്ലകളിലും സ്ഥിരം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ്. ഗ്രാമവികസന വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഐ.ആര്‍.ഡി.പി, എസ്.ജി.എസ്.വൈ, കുടുംബശ്രീ വിപണനമേള കോട്ടയം ബേക്കര്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണമേന്മയുള്ളതും മാലിന്യം കലരാത്തതുമായ ഉല്‍പന്നങ്ങളാണ് മേളയിലുള്ളതെന്നും ഇടനിലക്കാരില്ലാത്തതിനാല്‍ ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ഇവിടെനിന്ന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിപണനമേളയില്‍ ഒന്നാംസ്ഥാനം നേടിയ ഏറ്റുമാനൂര്‍ ബ്ളോക്കിന് മന്ത്രി കെ.സി. ജോസഫ് ട്രോഫി സമ്മാനിച്ചു. വിപണനമേളയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വറോസ്ഗാരികളെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി ആദ്യവില്‍പന നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍ ആദ്യവില്‍പന സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധാകുര്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിജു തോമസ്, എന്‍.ജെ. പ്രസാദ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ റോസമ്മ സാബു(പാമ്പാടി), എസ്. ഷൈലജകുമാരി (വാഴൂര്‍), റെയ്ച്ചല്‍ ജേക്കബ് (ഏറ്റുമാനൂര്‍), ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ബെല്‍ജി ഇമാനുവല്‍, നബാര്‍ഡ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ഷാജി സ്കറിയ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.ബി. ശിവദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് സ്വാഗതവും എ.ഡി.സി. (ജനറല്‍) മുഹമ്മദ് ജാ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.