കൊക്കയിലേക്ക് മറിഞ്ഞ ലോറിയില്‍നിന്ന് യുവാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

തൊടുപുഴ : ലോറി തലകീഴായി താഴേക്ക് മറിയുകയാണ്. എങ്കിലും സ്റ്റിയറിങ്ങില്‍നിന്ന് പിടിവിട്ടില്ല. ചാടാന്‍ ശ്രമിച്ചാല്‍ വീഴുക കൊക്കയിലേക്കാണ്. ആത്മനിയന്ത്രണം കൈമുതലാക്കി സുനീര്‍ സുഹൃത്തായ റാഷിദിനോട് പറഞ്ഞു. പിടിച്ചിരുന്നോളൂ...ബാക്കിയെല്ലാം പിന്നെ... സഹായത്തിനായി അലറിവിളിച്ചെങ്കിലും കൊക്കയില്‍ തട്ടി ശബ്ദം പ്രതിധ്വനിച്ചതല്ലാതെ ആരും വിളികേട്ടില്ല. പിന്നീട് സംഭവിച്ചതൊന്നും ഇരുവര്‍ക്കും ഓര്‍മയില്ല. ലോറി നൂറടി താഴ്ചയുള്ള ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തി. അല്‍പസമയത്തിന് ശേഷം ബോധം വീണ്ടുകിട്ടുമ്പോള്‍ എല്ലുനുറുങ്ങുന്ന വേദനയില്‍ സുനീര്‍ പുറത്തിറങ്ങി സുഹൃത്തിനെ തെരഞ്ഞു. ഈ സമയം പരിക്കുകളോടെ പുറത്തിറങ്ങിയ റാഷിദ് സുനീറിനെയും തിരയുകയായിരുന്നു. ഇടുക്കി മാങ്കുളം തളിയത്ത് എസ്റ്റേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍നിന്ന് കാലിത്തീറ്റയുമായി പോകുമ്പോഴാണ് തൊടുപുഴ സ്വദേശി സുനീറും (30) സുഹൃത്ത് എടപ്പാള്‍ സ്വദേശി റാഷിദും (28) അപകടത്തില്‍പ്പെടുന്നത്. ഇരുവര്‍ക്കും സാരമായി പരിക്കേറ്റെങ്കിലും അദ്ഭുതകരമായിരുന്നു ദുരന്തത്തില്‍നിന്ന് ഇവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. ഇടുക്കിയിലെ സ്ഥലങ്ങള്‍ കാണുകയെന്ന ഉദ്ദേശ്യത്തിലാണ് റാഷിദ് സുഹൃത്തും ഡ്രൈവറുമായ സുനീറിനൊപ്പം ലോറിയില്‍ കയറിക്കൂടിയത്. കനത്ത മഴ പെയ്യുന്നതിനാല്‍ യാത്ര ഏറെ ദുഷ്കരമായിരുന്നെന്ന് സുനീര്‍ പറയുന്നു. മാങ്കുളം പഞ്ചായത്ത് ഓഫിസിന് സമീപത്തെ കയറ്റം കയറുന്നതിനിടെ അമിതവേഗത്തില്‍ ലോറി പിന്നോട്ടിറങ്ങി. ബ്രേക്ക് ചവിട്ടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. വണ്ടി നേരെ കൊക്കയിലേക്ക് കുതിച്ചു. കൊക്കയിലേക്ക് പതിക്കുന്നതിനിടെ പലതവണ കീഴ്മേല്‍ മറിഞ്ഞു. കൊക്കയില്‍ പതിച്ച ലോറിയില്‍നിന്ന് പരിക്കുകളോടെ പുറത്തത്തെുമ്പോള്‍ കൂരിരുട്ട്. സഹായത്തിനാരുമില്ല. തപ്പിത്തടഞ്ഞ് കണ്ണില്‍കണ്ട വഴിയിലൂടെ നടന്നു. ഒടുവില്‍ റോഡ് കണ്ടത്തെി. വാഹനവും കാത്ത് റോഡരികില്‍ ഇരുന്നു. വാരിയെല്ലുകളുടെ ഇടയില്‍നിന്ന് അതികഠിന വേദന അനുഭവപ്പെട്ടിരുന്നു. റാഷിദിന്‍െറ തലയില്‍നിന്ന് രക്തം ഒലിക്കുന്നുണ്ട്. രണ്ടുമണിക്കൂര്‍ കാത്തുനിന്നപ്പോഴാണ് ദൂരെനിന്ന് കാര്‍ വരുന്നത് കണ്ടത്. കൈനീട്ടിയെങ്കിലും നിര്‍ത്താതെപോയി. പിന്നെയും കാത്തിരിപ്പ് തുടര്‍ന്നു. അരമണിക്കൂര്‍ കഴിഞ്ഞ് അതുവഴിവന്ന ജീപ്പാണ് കോതമംഗലത്തെ ആശുപത്രിയിലത്തെിച്ചത്. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ ജീവന്‍ തിരിച്ചുതന്ന ദൈവത്തിന് നന്ദി പറയുകയാണ് ഇരുവരും. സുനീറിന്‍െറ വാരിയെല്ലിനും തോളിനും പൊട്ടലും റാഷിദിന്‍െറ തലക്ക് എട്ട് തുന്നലുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.