ആനവാച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിന് പച്ചക്കൊടി

കുമളി: തേക്കടി ആനവാച്ചാലിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണ പ്രശ്നത്തില്‍ നാട്ടുകാര്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് യോഗം വിളിക്കുക. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കലക്ടര്‍ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കലക്ടര്‍ അജിത് പാട്ടീലിന് പുറമെ പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, ജോയ്സ് ജോര്‍ജ് എം.പി, കുമളി പഞ്ചായത്ത് പ്രസിഡന്‍റ് വി. പൊന്‍രാജ് എന്നിവരാണ് പങ്കെടുത്തത്. യോഗത്തിലെ തീരുമാനപ്രകാരം ആനവാച്ചാലില്‍ നിര്‍മാണം ആരംഭിച്ച പാര്‍ക്കിങ് ഗ്രൗണ്ടിന്‍െറ നിര്‍മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നാട്ടുകാരുമായി ആശങ്ക സൃഷ്ടിച്ച സെസ് ഉള്‍പ്പടെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണ പ്രശ്നത്തില്‍ നാട്ടുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് സര്‍വകക്ഷി യോഗം കുമളിയില്‍ വിളിക്കാന്‍ തീരുമാനിച്ചതെന്ന് ബിജിമോള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ആനവാച്ചാല്‍ ഗ്രൗണ്ട് നിര്‍മാണം പൂര്‍ത്തിയാകേണ്ടത് കുമളിയിലെ വാഹന പാര്‍ക്കിങ് പ്രശ്നത്തിന് സഹായകരമാണ്. പാര്‍ക്കിങ് ഗ്രൗണ്ട് പൂര്‍ത്തിയാക്കുന്നതിനൊപ്പം മലിനജലം സംസ്കരിക്കാനുള്ള പ്ളാന്‍റും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും 10.5 കോടി രൂപയാണ് രണ്ട് പദ്ധതികള്‍ക്കുമായി ചെലവഴിക്കുകയെന്നും ബിജിമോള്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.