സി.കെ. ഭാസ്കരന്‍ കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഉദ്ഘാടനം ബുധനാഴ്ച

ആലപ്പുഴ: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന സി.കെ. ഭാസ്കരന്‍െറ പേരില്‍ തുടങ്ങുന്ന സി.കെ. ഭാസ്കരന്‍ കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഉദ്ഘാടനം ബുധനാഴ്ച നടക്കുമെന്ന് ഡോ. ടി.എം.തോമസ് ഐസക് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഹമ്മ കല്ലാപ്പുറത്ത് സി.കെയുടെ വീട്ടുമുറ്റത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നേരിട്ട് പാലിയേറ്റീവ് കെയര്‍ പരിപാടി ഏറ്റെടുത്തത് സി.കെ യുടെ നേതൃത്വത്തിലാണ്. പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള പരിശീലന കേന്ദ്രം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിക്കും. കിടത്തിച്ചികിത്സ ആവശ്യമുള്ള നിര്‍ധനര്‍ക്ക് സൗജന്യ ചികിത്സയും മാനസിക രോഗികളെ പുനരധിവസിപ്പിക്കുന്നതിനായി ആതുരാലയം സ്ഥാപിക്കുക, മുഹമ്മ പഞ്ചായത്തിലെ സാന്ത്വനം പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികളുടെ കുടുംബാംഗങ്ങള്‍ക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ നല്‍കുക, കാരുണ്യ സേനയും സൗജന്യ ആംബുലന്‍സും ആരംഭിക്കുക, കാരുണ്യ മെഡിക്കല്‍ ഷോപ്പ്, ലബോറട്ടറി, റഫറന്‍സ് ലൈബ്രറി എന്നിവ സ്ഥാപിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. ജനുവരി 14ന് മുഹമ്മ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കാശുകുടുക്ക നല്‍കും. 15 ന് സി.കെ യെക്കുറിച്ച് നാട്ടുകാരുടെ ഓര്‍മകള്‍ കൂട്ടിച്ചേര്‍ത്ത് തയാറാക്കുന്ന ജീവചരിത്രം പ്രസിദ്ധീകരിക്കും. സി.കെ യുടെ വീട് അതേപടി നിലനിര്‍ത്തി ഇവിടം കേന്ദ്രീകരിച്ചായിരിക്കും സൊസൈറ്റിയുടെ പ്രവര്‍ത്തനമെന്നും എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ പി. തിലോത്തമന്‍ എം.എല്‍.എ അധ്യക്ഷനാകും. ഡോ. സൈറു ഫിലിപ്പ്, ഡോ. ചിത്ര വെങ്കിടേശ്വരന്‍ എന്നിവര്‍ ലക്ഷ്യങ്ങള്‍ വിശദീകരിക്കും. കെ.ആര്‍. ഗൗരിയമ്മ മുഖ്യാതിഥിയാകും. പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. എം.ആര്‍. രാജഗോപാല്‍ സന്ദേശം നല്‍കും. കെ.സി. വേണുഗോപാല്‍ എം.പി. വെബ്സൈറ്റ് ഉദ്ഘാടനംചെയ്യും. ജി.സുധാകരന്‍ എം.എല്‍.എ ലോഗോ പ്രകാശനംചെയ്യും. സപ്ളിമെന്‍റ് പ്രകാശനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ആദ്യ അംഗത്വം ഏറ്റുവാങ്ങല്‍ വി.ആര്‍. പ്രസാദ് എന്നിവര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.കെ യുടെ മകനും സൊസൈറ്റിയുടെ പ്രസിഡന്‍റുമായ സി.ബി. ഷാജികുമാര്‍, വൈസ് പ്രസിഡന്‍റ് കെ.ബി. ബിമല്‍റോയി, ട്രഷറര്‍ പി.പി. ഉദയസിംഹന്‍, ജെ.ജിതേഷ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.