കനത്ത മഴ: ഓണം വിപണികളില്‍ ഇക്കുറി നാടന്‍ പച്ചക്കറികള്‍ അപ്രത്യക്ഷമാകും

അരൂര്‍: മേഖലയിലെ ഓണം വിപണികളില്‍ ഇക്കുറി നാടന്‍ പച്ചക്കറികള്‍ അപ്രത്യക്ഷമാകും. തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറി കൃഷികളെല്ലാം പൂര്‍ണമായും നശിച്ചതാണ് കാരണം. ഓണത്തിന് വിളവെടുപ്പിന് പാകമായ പച്ചക്കറി ഇനങ്ങളെല്ലാം നശിച്ചു. തടത്തില്‍ വെള്ളം കെട്ടിക്കിടന്ന് വേരുകള്‍ ചീയുകയാണ്. വെണ്ട, പടവലം, പാവല്‍, പീച്ചില്‍, വെള്ളരി, പാവക്ക എന്നിവയാണ് നശിച്ചത്. കൂടാതെ വാഴകൃഷികളും നശിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഓണത്തിന് ഒരാഴ്ച മുമ്പേ നാടന്‍ പച്ചക്കറി വില്‍പന കേന്ദ്രങ്ങള്‍ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ തുറക്കുമായിരുന്നു. ഇപ്പോള്‍ നാടന്‍ പച്ചക്കറികളുടെ ഒറ്റ സ്റ്റാളുകള്‍ പോലുമില്ല. അരൂര്‍, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളിലായി നിരവധി കുടുംബശ്രീ യൂനിറ്റുകളും പുരുഷസ്വയംസഹായ സംഘങ്ങളും സ്ഥലം പാട്ടത്തിനെടുത്ത് നിരവധി സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി നടത്തിയിരുന്നു. സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് പലരും കൃഷി നടത്തിയത്. കൃഷി പൂര്‍ണമായും നശിച്ചതോടെ വായ്പാതുകയുടെ പലിശ പോലും അടക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇത്രയും വ്യാപകമായ കൃഷിനാശം മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടില്ളെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിഭവനുകളില്‍ കര്‍ഷകര്‍ നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ സഹിതം ധനസഹായത്തിനായി അപേക്ഷ നല്‍കിയെങ്കിലും സഹായധനം ലഭിക്കാനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. അരൂര്‍ മേഖലയില്‍ മാത്രം 50 ലക്ഷത്തിന്‍െറ കൃഷിനാശം സംഭവിച്ചതായി കണക്കാക്കുന്നു. മഴ ഇടക്കിടെ തിമിര്‍ത്തു പെയ്യുന്നതുമൂലം ഉയര്‍ന്ന പറമ്പുകളില്‍ അവശേഷിക്കുന്ന കൃഷികളും നശിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.