മുത്തൂറ്റ് ശാഖയിലെ തട്ടിപ്പ്: മുഖ്യപ്രതിയെ പിടികൂടാനായില്ല

മാനന്തവാടി: ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മാനന്തവാടി ശാഖയില്‍നിന്ന് സ്വര്‍ണപ്പണയത്തിന്‍െറ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് ജാമ്യം. എന്നാല്‍, സംഭവത്തിലെ സൂത്രധാരനായ മുഖ്യപ്രതിയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. എറണാകുളം നെടുമ്പാശ്ശേരി കടത്തുരുത്ത് പറമ്പത്തേരില്‍ അരുണ്‍ സാഗറിനാണ് (34) ഹൈകോടതി ഉപാധികളോടെ ജാമ്യമനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ ഹാജരാക്കുന്നതോടെ മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുന്ന പ്രതി തിങ്കളാഴ്ചയോടെ പുറത്തിറങ്ങിയേക്കും. അരുണ്‍ സാഗറിന്‍െറ പിതാവ് ദാനശീലന്‍ എന്ന ദാനവന്‍ ആണ് പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. ജൂലൈ 24നാണ് അരുണ്‍ സാഗര്‍ നെടുമ്പാശ്ശേരിയിലെ വീട്ടില്‍വെച്ച് അറസ്റ്റിലായത്. കേസിലെ പ്രതിയായ ഇയാളുടെ മാതാവ് സുജക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. 2012 ജൂണ്‍ 12നാണ് ദാനവന്‍ മുത്തൂറ്റ് മാനന്തവാടി ശാഖയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തത്. സ്വര്‍ണം പണയം വെക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുത്തൂറ്റ് മാനേജറെ കബളിപ്പിക്കുകയായിരുന്നു. ദാനവന്‍െറ അക്കൗണ്ടില്‍ മുത്തൂറ്റ് മാനേജര്‍ നിക്ഷേപിച്ച പണം ഭാര്യയും മകനും ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പറവൂര്‍ ശാഖയില്‍നിന്ന് പിന്‍വലിച്ചത്. ഇതില്‍ ഒരു ലക്ഷം രൂപ അരുണ്‍ സാഗറിന്‍െറ സഹോദരിയുടെ ബത്തേരിയിലെ വീട്ടില്‍നിന്ന് കണ്ടത്തെിയിരുന്നു. എന്നാല്‍, സഹോദരിയേയും ഭര്‍ത്താവിനെയും പ്രതിചേര്‍ക്കാന്‍ പൊലീസ് തയാറായിട്ടില്ല. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒളിവില്‍ കഴിയുന്ന ദാനവന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതായാണ് സൂചന. അന്വേഷണച്ചുമതല ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഏല്‍പിച്ച് പ്രത്യേക ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.