ഏഴ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞം

കാസര്‍കോട്: ജില്ലയില്‍ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ഇ -സാക്ഷരതാ യജ്ഞം നടപ്പാക്കും. ആദ്യഘട്ടത്തില്‍ തൃക്കരിപ്പൂര്‍, കള്ളാര്‍, മൊഗ്രാല്‍പുത്തൂര്‍, പുല്ലൂര്‍ പെരിയ, കുമ്പള, ചെങ്കള, ഉദുമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാതല കോഓഡിനേഷന്‍ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരണ യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലന്‍ പദ്ധതി വിശദീകരിച്ചു. ആദ്യഘട്ടത്തില്‍ ഗ്രാമങ്ങളില്‍ ഇ -നിരക്ഷരരെ കണ്ടത്തെി പ്രത്യേകം പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകര്‍ ദിവസം ഒരുമണിക്കൂര്‍ വീതം ആകെ പത്തു മണിക്കൂര്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കും. രണ്ടാംഘട്ടത്തില്‍ അക്ഷയ കേന്ദ്രം വഴിയാണ് പദ്ധതി നടപ്പാക്കുക. രണ്ടാംഘട്ടത്തില്‍ 40 മണിക്കൂറും മൂന്നാം ഘട്ടത്തില്‍ 80 മണിക്കൂറും പരിശീലനം നല്‍കും. കുടുംബശ്രീ, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നുവര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സമ്പൂര്‍ണ ഇ -സാക്ഷരത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നവ ഇ -സാക്ഷരര്‍ക്ക് ഓണ്‍ലൈനായി പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അവസാന ഘട്ടത്തില്‍ പദ്ധതി നടപ്പാക്കും. പദ്ധതിക്ക് മൂന്നു ലക്ഷം പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും രണ്ട് ലക്ഷം സംസ്ഥാന സര്‍ക്കാറും അനുവദിക്കും. ഒരുലക്ഷം രൂപ അതത് ഗ്രാമപഞ്ചായത്തുകള്‍ വകയിരുത്തണം. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് നജ്മ ഖാദര്‍, ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍. അബ്ബാസ് അലി യൂസുഫ്, കള്ളാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി. ഗീത, മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണന്‍, ഡി.ഡി.ഇ സി. രാഘവന്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍നായര്‍, അക്ഷയ ജില്ലാ അസി. കോഓഡിനേറ്റര്‍ കരീം കോയക്കീല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ സി.എ. അബ്ദുല്‍മജീദ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി കാരയില്‍ സുകുമാരന്‍, ജില്ലാ കണ്‍വീനര്‍ കെ.വി. രാഘവന്‍, പ്രഫ. എ. ശ്രീനാഥ, കാവുംഗല്‍ നാരായണന്‍, പി.കെ. കുമാരന്‍നായര്‍, ഇ. രാഘവന്‍, ഗോപകുമാര്‍, സി.എം. ബാലകൃഷ്ണന്‍, എം.കെ. ലക്ഷ്മി, എ. ദാമോദര, സി.കെ. ഭാസ്കരന്‍, സില്‍വി ജോസഫ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.