പാഠപുസ്തക വിതരണം പൂര്‍ത്തിയായില്ല

കല്‍പകഞ്ചേരി: ഹൈസ്കൂളിലെ ഓണപരീക്ഷ തിങ്കളാഴ്ച ആരംഭിച്ച് സെപ്റ്റംബര്‍ നാലിന് അവസാനിക്കും. പ്രൈമറി ക്ളാസുകളില്‍ 28ന് തുടങ്ങി നാലിന് തീരും. അതേസമയം, പാഠപുസ്തക വിതരണം പൂര്‍ത്തിയായില്ല. താല്‍കാലിക നിയമനം വിലക്കിയതുമൂലം ക്ളാസെടുക്കാന്‍ അധ്യാപകരുമില്ല. പാഠപുസ്തകം കാണാതെ പരീക്ഷ എഴുതേണ്ട അവസ്ഥയാണ് വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും. അധ്യാപകര്‍ക്ക് പുതിയ പാഠപുസ്തകങ്ങളെ ആസ്പദമാക്കിയുള്ള കൈപുസ്തകങ്ങളും ലഭിച്ചിട്ടില്ല. ഈ അധ്യയന വര്‍ഷം മാറിയ പുസ്തകങ്ങളാണ് കൂടുതലും ലഭിക്കാത്തത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ളാസുകളിലെ മുഴുവന്‍ പുസ്തകങ്ങളും 11ാം ക്ളാസിലെ ഭാഷാ പുസ്തകങ്ങളുമാണ് ലഭിക്കാത്തത്. ആറ്, എട്ട്, പത്ത് ക്ളാസുകളിലെ അടുത്ത അധ്യയന വര്‍ഷം മുതല്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ച പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത സ്കൂളുകളും നിരവധിയാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ക്കൊപ്പം അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് ആവശ്യമായ പുസ്തകങ്ങളുടെ മുഴുവന്‍ പണമടച്ച അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും പല വിഷയങ്ങള്‍ക്കുമുള്ള പാഠപുസ്തകങ്ങളും ലഭിച്ചില്ല. ഈ വര്‍ഷം മാറിയ പുസ്തകങ്ങളുടെ ഒരുകോപ്പി പോലും ലഭിച്ചിട്ടില്ല. ഇത് അധ്യാപനം അവതാളത്തിലാകുന്ന അവസ്ഥയാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.