ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

തൊടുപുഴ:സെപ്റ്റംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുന്ന ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫിസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ക്ളാസുകള്‍ സെപ്റ്റംബറില്‍തന്നെ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമായിട്ടുണ്ട്. ലെക്ചര്‍ ഹാള്‍, അക്കാദമിക് ബ്ളോക് എന്നിവ ഈ മാസംതന്നെ പൂര്‍ത്തിയാകും. മൂന്ന് ലാബുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഹോസ്റ്റല്‍ പണി പൂര്‍ത്തീകരിക്കും വരെ പെണ്‍കുട്ടികള്‍ക്ക് പൈനാവ് അമല്‍ജ്യോതി ഹോസ്റ്റലില്‍ താമസ സൗകര്യമൊരുക്കും. പുതിയ ഹോസ്റ്റല്‍ കെട്ടിടം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കും. പാറേമാവില്‍ പൊതുമരാമത്ത് നിര്‍മിച്ചിരിക്കുന്ന നാല് ക്വാട്ടേഴ്സുകള്‍ ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലായി ഉപയോഗപ്പെടുത്തും. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്കായി 12 ക്വാട്ടേഴ്സുകള്‍ ഏറ്റെടുത്തിട്ടുണ്ട്. കലക്ടര്‍ അജിത് പാട്ടീലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മെഡിക്കല്‍ കോളജ് ആവശ്യത്തിലേക്ക് കെ.എസ്.ഇ.ബിയുടെ അഞ്ച് ക്വാര്‍ട്ടേഴ്സുകള്‍ തീരുമാനിക്കുന്നതിന് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി. പാറേമാവ് ക്വാര്‍ട്ടേഴ്സുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഭൂജല വകുപ്പ് സമര്‍പ്പിച്ചു. നാല് മാസത്തിനുള്ളില്‍ പഴയ എം.ആര്‍.എസ് കെട്ടിടം അറ്റകുറ്റപ്പണി തീര്‍ത്ത് നവീകരിക്കും. ഇതിനായി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് യോഗത്തില്‍ വിലയിരുത്തി. യോഗത്തിനുശേഷം റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, ഇടുക്കി മെഡിക്കല്‍ കോളജ് നോഡല്‍ ഓഫിസര്‍ ഡോ. പി.ജി.ആര്‍. പിള്ള, പ്രിന്‍സിപ്പല്‍ ഡോ. കെ. രവീന്ദ്രന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.