മംഗലാപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ പനേമംഗലൂര്‍ സ്വദേശി നിസാമുദ്ദീനെയാണ് സൂറത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൂറത്കല്‍ കൃഷ്ണപുരയിലെ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ഫേസ്ബുക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം ദൃഢമായപ്പോള്‍ ആ സ്വാതന്ത്ര്യം ഉപയോഗിച്ച് പെണ്‍കുട്ടിയുമായുള്ള ഫോട്ടോകള്‍ എടുത്തു. പിന്നീട് ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. തന്നോടൊപ്പം വരാനും പണം തരാനുമൊക്കെ ആവശ്യപ്പെട്ടു. അതോടെ പെണ്‍കുട്ടി നിസാമുദ്ദീനുമായുള്ള സൗഹൃദം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് സമ്മതിച്ചു. ഇതറിഞ്ഞ നിസാമുദ്ദീന്‍ വിവാഹമുറപ്പിച്ച യുവാവിന്‍െറ വിലാസം തേടിപ്പിടിച്ച് അയാള്‍ക്ക് ചില ഫോട്ടോകള്‍ അയച്ചു കൊടുത്തു. അതോടെ വിവാഹം മുടങ്ങി. പിന്നീട് പെണ്‍കുട്ടിയെ വിളിച്ച് തനിക്ക് വഴങ്ങിയില്ളെങ്കില്‍ ഫോട്ടോകള്‍ ഇന്‍റര്‍നെറ്റില്‍ ഇടുമെന്നും ഭീഷണിപ്പെടുത്തി. അതോടെയാണ് പെണ്‍കുട്ടി സൂറത്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിസാമുദ്ദീന്‍ കുടുങ്ങിയത്. ഇയാള്‍ ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്നും നേരത്തെയും പല പെണ്‍കുട്ടികളെയും ഇത്തരത്തില്‍ വഞ്ചിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.