രാമന്തളിയില്‍ അക്രമം; നാലുപേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് തുരത്തുമ്മല്‍ കോളനിയില്‍ ബന്ധുക്കളും അയല്‍വാസികളുമായ നാലുപേരെ കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന് പരാതി. തുരുത്തിപ്പള്ളി കോളനിയിലെ കൂലിച്ചേരി കമലാക്ഷന്‍ (38), കൊയ്യാല്‍ ബാലന്‍ (45), കൊയ്യാല്‍ പുഷ്പവല്ലി (48), വെമ്പരിഞ്ഞന്‍ രാജീവന്‍ (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിന് സഹോദരങ്ങളായ ചെറുകിണിയന്‍ യദു (25), മിഥുന്‍ (22) എന്നിവര്‍ മാരകാരയുധങ്ങളുമായി ആക്രമിച്ചതായാണ് പരാതി. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ കമലാക്ഷന്‍െറ പരിക്ക് സാരമുള്ളതാണ്. പരസ്യ മദ്യപാനവും കഞ്ചാവ് വില്‍പനയും ചൂളക്കടവിന് സമീപത്തെ പുരുഷ സ്വയംസഹായ സംഘം ചോദ്യം ചെയ്യുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നുവത്രെ. ഇതിന് കാരണക്കാരാണെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. അതേസമയം, രാമന്തളി വടക്കുമ്പാട്, തുരുത്തുമ്മല്‍, തീരദേശ റോഡ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ കഞ്ചാവ് വില്‍പനയും പരസ്യമദ്യപാനവും നടക്കുന്നതായി പരാതിയുണ്ട്. ഈ വിവരം പൊലീസില്‍ അറിയിച്ചിട്ടും നടപടിയില്ളെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.