കോഴിക്കോട്: കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡ് ഇനി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കിട്ടിയാലോ..? കുട്ടിയുടെ സ്കൂളിലെ പെരുമാറ്റത്തെയും പഠനത്തെയുംകുറിച്ച് അധ്യാപകരുടെ അഭിപ്രായവും പഠനപുരോഗതിയും ഹാജര്‍നിലയുമൊക്കെ നിങ്ങള്‍ എവിടെയാണോ അവിടെയിരുന്നറിയാന്‍ കഴിയുന്നതാണ് ഈ മൊബൈല്‍ അപ്ളിക്കേഷന്‍. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യില്‍നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ രണ്ടു വിദ്യാര്‍ഥികളാണ് ഈ അപ്ളിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനമുള്ള കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ സ്കൂളുകള്‍ രക്ഷിതാക്കള്‍ക്കുനല്‍കുന്ന പ്രത്യേക യൂസര്‍ നെയ്മും പാസ്വേര്‍ഡുമുപയോഗിച്ച് ഈ അപ്ളിക്കേഷനിലൂടെ വിവരങ്ങളറിയാന്‍ കഴിയും. കോഴിക്കോട് ജവഹര്‍ കോളനിയിലെ ഷാമില്‍ ഘറില്‍ അബ്ദുല്‍ ഗഫൂറിന്‍െറ മകന്‍ ഷാമിലും തിരൂരങ്ങാടി കൊളപ്പുറം പാറയില്‍ അബൂബക്കറിന്‍െറ മകന്‍ ആഷിക്കും ചേര്‍ന്നാണ് ഈ അപ്ളിക്കേഷന്‍ രൂപകല്‍പന ചെയ്തത്. സുഹൃത്ത് ഷെരീഫിന്‍െറ ആശയമാണ് ഇത്തരമൊരു അപ്ളിക്കേഷന്‍ രൂപകല്‍പനക്കു വഴിയൊരുക്കിയതെന്ന് ഇരുവരും പറയുന്നു. വിദേശത്തുജോലിചെയ്യുന്ന രക്ഷിതാക്കള്‍ക്ക് മക്കളുടെ പഠനകാര്യങ്ങള്‍ നേരിട്ടറിയാന്‍ ആന്‍ഡ്രോയ്ഡ് മൊബൈലുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ അപ്ളിക്കേഷന്‍ സഹായകമാകുമെന്നിവര്‍ പറയുന്നു. ഇരുവരും കോഴിക്കോട് കേന്ദ്രമാക്കി ‘എന്‍സാപ്സ്’ എന്ന പേരില്‍ സ്ഥാപനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.