കൂടുതല്‍ സ്ഫോടനങ്ങള്‍ക്ക് ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതിയിട്ടിരുന്നെന്ന് എന്‍.ഐ.എ

പട്ന: ജയ്പൂ൪, അജ്മീ൪, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഗുജറാത്തിലെ ചില പട്ടണങ്ങളിലും സ്ഫോടനം നടത്താൻ ഇന്ത്യൻ മുജാഹിദീൻ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). 2013 ഒക്ടോബ൪ 27ന് പട്നയിലെ ഗാന്ധി മൈതാനത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതി ഹൈദരലിയുടെ കൂട്ടാളികളാണ് പദ്ധതിയിട്ടത്.
 കഴിഞ്ഞ മേയിൽ ഹൈദരലി അറസ്റ്റിലായതിന് അടുത്ത ദിവസങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. സ്ഫോടനം നടത്തിയ ശേഷം അഫ്ഗാനിസ്താനിലേക്ക് കടക്കാൻ ഇവ൪ പദ്ധതിയിട്ടിരുന്നതായും ഇയാളിൽനിന്ന് വിവരം ലഭിച്ചതായും എൻ.ഐ.എ അറിയിച്ചു. ഗാന്ധി മൈതാൻ സ്ഫോടനക്കേസിൽ ഒമ്പത് ഇന്ത്യൻ മുജാഹിദീൻ പ്രവ൪ത്തക൪ക്കും ഒരു സിമി പ്രവ൪ത്തകനുമെതിരെ എൻ.ഐ.എ സമ൪പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായിരിക്കെ നരേന്ദ്ര മോദി നടത്തിയ ‘ഹുങ്കാ൪ റാലി’യുടെ വേദിയായിരുന്നു ഗാന്ധി മൈതാൻ. ഛത്തീസ്ഗഢ്, യു.പി, ഡൽഹി എന്നിവിടങ്ങളിലെ മോദിയുടെ റാലികളിൽ സ്ഫോടനം നടത്താനുള്ള പദ്ധതി പരാജയപ്പെട്ടതിനെ തുട൪ന്നാണ് ഗാന്ധി മൈതാൻ സ്ഫോടനം ആസൂത്രണം ചെയ്തത്. ആറു പേ൪ കൊല്ലപ്പെട്ട ഗാന്ധി മൈതാൻ സ്ഫോടന കേസിൽ രണ്ടു പേരെ സംഭവ സ്ഥലത്തുതന്നെ അറസ്റ്റു ചെയ്തിരുന്നു. ഇതിലൊരാൾ പിന്നീട് വെടിയേറ്റ് മരിച്ചു. നുഅ്മാൻ അൻസാരി, ഹൈദ൪ അലി, മുഹമ്മദ് മുജീബുല്ല അൻസാരി, ഉമ൪ സിദ്ദീഖി, അസ്ഹറുദ്ദീൻ ഖുറൈശി, അഹ്മദ് ഹുസൈൻ, ഫഖ്റുദ്ദീൻ, മുഹമ്മദ്, മുഹമ്മദ് ഇഫ്തിഖാ൪ ആലം, പ്രായപൂ൪ത്തിയാകാത്ത ഒരാൾ എന്നിവരടക്കം പത്തുപേ൪ക്കെതിരെയാണ് വെള്ളിയാഴ്ച എൻ.ഐ.എ കുറ്റപത്രം സമ൪പ്പിച്ചത്. ഗാന്ധിമൈതാൻ സ്ഫോടന കേസിൽ എൻ.ഐ.എ സമ൪പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. കഴിഞ്ഞ ഏപ്രിലിൽ ആദ്യ കുറ്റപത്രം സമ൪പ്പിച്ചിരുന്നു.

നിലവിൽ മറ്റൊരു കേസിൽ അറസ്റ്റിലായ പ്രമുഖ ഇന്ത്യൻ മുജാഹിദീൻ നേതാവ് തെഹ്സീൻ അഖ്തറിൻെറ (മോനു) പേര് പ്രതിപ്പട്ടികയിലില്ല. ഗാന്ധി മൈതാൻ സ്ഫോടനത്തിൻെറ പ്രധാന ആസൂത്രകൻ മോനുവാണെന്നാണ് പറയുന്നത്. പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമ൪പ്പിച്ചത്. പ്രതികൾക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു. സിമി അംഗമായ അസ്ഹറുദ്ദീൻ ഖുറൈശി പാകിസ്താൻ വഴി അഫ്ഗാനിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.