കോട്ടയം നഗരസഭ: ഭാഗ്യം തുടരാൻ യു.ഡി.എഫ്; ചരിത്രം തിരുത്താൻ എൽ.ഡി.എഫ്

കോട്ടയം: സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം പി.ജെ. വർഗീസ് കോട്ടയം നഗരസഭ അധ്യക്ഷനായത് 1996-’98 കാലഘട്ടത്തിലാണ്. അതിനുശേഷം ഇന്നുവരെ എൽ.ഡി.എഫിന് ഭരണം പിടിക്കാനായിട്ടില്ല. കഴിഞ്ഞ തവണയാകട്ടെ ഇരുമുന്നണികളും തുല്യബലാബലത്തിലെത്തിയിട്ടും ഭാഗ്യം തുണച്ചില്ല. ഇത്തവണ ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നാണ് ഇരുമുന്നണികളുടെയും കണക്കുകൂട്ടൽ. എട്ടുസീറ്റിൽനിന്ന് രണ്ടക്കം കടക്കുമെന്ന പ്രതീക്ഷയിൽ ബി.ജെ.പിയും. സാമ്പത്തിക ആരോപണങ്ങൾക്കൊപ്പം ഏറെ രാഷ്ട്രീയനാടകങ്ങൾക്ക് വേദിയായ നഗരസഭയാണ് കോട്ടയം. 2015ൽ കൃത്യമായ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയതെങ്കിലും 2020ൽ കഥ മാറി.

യു.ഡി.എഫിന് 21ഉം എൽ.ഡിഎഫിന് 22 സീറ്റും ലഭിച്ചു. ആ സാഹചര്യത്തിലാണ് 52ാം വാർഡിലെ വിമത സ്ഥാനാർഥി ബിൻസി സെബാസ്റ്റ്യനെ അഞ്ചുവർഷം ചെയർപേഴ്സൻ പദവി വാഗ്ദാനം ചെയ്ത് കോൺഗ്രസ് അനുനയിപ്പിച്ച് കൂടെ നിർത്തിയത്. ഇത്തവണ 35 സീറ്റാണ് യു.ഡി.എഫ് പ്രതീക്ഷ. കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന ആരോപണം പ്രതിപക്ഷത്തിന്‍റേത് മാത്രമാണെന്ന് കോൺഗ്രസ് സിറ്റിങ് കൗൺസിലർ എം.പി. സന്തോഷ് കുമാർ പറയുന്നു. 25 വർഷത്തെ യു.ഡി.എഫ് ഭരണ ചരിത്രം ഇത്തവണ തിരുത്തുമെന്നാണ് എൽ.ഡി.എഫ് മുൻ പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ ഉറച്ചുവിശ്വസിക്കുന്നത്. 23-26 സീറ്റ് ലഭിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സിറ്റിങ് സീറ്റുകളൊന്നും കൈവിടില്ലെന്നും കൂടുതൽ നേടുമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

ബിൻസിയുടെ ‘ഭാഗ്യം’ കോൺഗ്രസിന്‍റെയും

ബിൻസി സെബാസ്റ്റ്യൻ ശരിക്കും ‘ഭാഗ്യ’മുള്ള ചെയർപേഴ്സനായിരുന്നു. വിമതസ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് അധ്യക്ഷയായി. മൂന്നുതവണ അവിശ്വാസപ്രമേയത്തെ നേരിട്ടു. ഓരോ തവണയും തലനാരിഴക്ക് ജയം. എതിർപ്പുകളും ഭരണസമിതിക്കകത്തെ പടലപ്പിണക്കങ്ങളും കത്തിനിന്നിട്ടും അഞ്ചുവർഷം ചെയർപേഴ്സനായി തുടർന്നു. കോൺഗ്രസ് നേതാവിന്‍റെ ഭാര്യയായ ഇവർ സീറ്റ് നൽകാത്തതിനെതുടർന്നാണ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിച്ചത്. ഔദ്യോഗിക സ്ഥാനാർഥി വാർഡിൽ മൂന്നാമതാവുകയും ചെയ്തു. ബിൻസി കൂടെനിന്നതോടെയാണ് യു.ഡി.എഫിന് 22 അംഗങ്ങളാവുകയും ഇരുമുന്നണികളുടെയും അംഗസംഖ്യ തുല്യമാവുകയും ചെയ്തത്. ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും തുല്യവോട്ട് ലഭിച്ചതോടെ നറുക്കെടുത്തു. അപ്പോഴും ബിൻസിക്ക് തന്നെ ജയം.

2021 സെപ്റ്റംബറിലാണ് ആദ്യ അവിശ്വാസപ്രമേയം വരുന്നത്. എൽ.ഡി.എഫ് അവിശ്വാസപ്രമേയത്തെ ബി.ജെ.പി അംഗങ്ങൾ പിന്തുണച്ചതോടെ ബിൻസി അധ്യക്ഷ പദവിയിൽനിന്ന് പുറത്ത്. എന്നാൽ 52 ദിവസങ്ങൾക്കുശേഷം നവംബർ 21ന് നടന്ന തെരഞ്ഞെടുപ്പിൽ ഒരു എൽ.ഡി.എഫ് അംഗത്തിന് വോട്ടുചെയ്യാനായില്ല. 22 വോട്ട് നേടി ബിൻസി തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2023 ഫെബ്രുവരിയിലാണ് രണ്ടാം അവിശ്വാസപ്രമേയം. യു.ഡി.എഫും ബി.ജെ.പിയും വിട്ടുനിന്നതോടെ ക്വോറം തികയാത്തതിനാൽ അവിശ്വാസം പരാജയപ്പെട്ടു. 2024 ആഗസ്റ്റിലാണ് അവസാനത്തെ അവിശ്വാസം വന്നത്.

അധ്യക്ഷക്ക് മാത്രമല്ല, ഉപാധ്യക്ഷനും കൂടിയായിരുന്നു അവിശ്വാസം. വീണ്ടും യു.ഡി.എഫും ബി.ജെ.പിയും വിട്ടുനിന്നതോടെ അവിശ്വാസം തള്ളി. കഴിഞ്ഞ തവണ വിമതയായി മത്സരിച്ച ബിൻസി ഇത്തവണ 53ാംവാർഡിൽനിന്ന് കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. 

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.