പീതാംബരന്‍ മാഷിന് 27 വര്‍ഷത്തെ സമര്‍പ്പണത്തിന് അംഗീകാരം

തൃശൂര്‍: അധ്യാപനരംഗത്ത് 27 വര്‍ഷം പിന്നിടുന്ന എം. പീതാംബരന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പണത്തിന്‍െറ അംഗീകാരമായാണ് ദേശീയ അധ്യാപക അവാര്‍ഡ് ലഭിക്കുന്നത്. മായന്നൂര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകനും ഗ്രന്ഥകാരനുമായ അദ്ദേഹം ഈ അധ്യാപന വര്‍ഷാരംഭത്തിലാണ് സെന്‍റ് തോമസ് ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായത്. 15 വര്‍ഷം മാന്ദാമംഗലം സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ സാമൂഹികശാസ്ത്ര അധ്യാപകനായിരുന്നു. പറവട്ടാനി സെന്‍റ് ആന്‍റണീസ് യു.പി സ്കൂള്‍, മരിയാപുരം മിഷന്‍ഹോം എല്‍.പി സ്കൂള്‍, വെണ്ടോര്‍ എ.യു.പി സ്കൂള്‍, കല്ലൂര്‍ സെന്‍റ് റാഫേല്‍സ് യു.പി സ്കൂള്‍, വെണ്ടോര്‍ എഫ്.എക്സ് എല്‍.പി സ്കൂള്‍, സെന്‍റ് മേരീസ് യു.പി സ്കൂള്‍, ലൂര്‍ദ്, തൃശൂര്‍ അവിണിശേരി സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.സാമൂഹികശാസ്ത്രത്തിന്‍െറ സംസ്ഥാന റിസോഴ്സ്പേഴ്സനായിരുന്നു. ജില്ലാ സാമൂഹികശാസ്ത്ര കൗണ്‍സിലിന്‍െറ കണ്‍വീനറായിരുന്ന മൂന്നുവര്‍ഷം തുടര്‍ച്ചയായി തൃശൂര്‍ റവന്യൂ ജില്ല സംസ്ഥാന സാമൂഹികശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം നേടി. സാമൂഹികശാസ്ത്ര പഠനത്തിനും അധ്യാപനത്തിനും അധ്യാപകരെയും വിദ്യാര്‍ഥികളെയും സഹായിക്കുന്നതിനായി സോഷ്യല്‍ സയന്‍സ് ബ്ളോഗ് ആരംഭിച്ചതും അദ്ദേഹമാണ്. നാട്ടുപച്ച, ചരിത്രോപഹാരം എന്നിങ്ങനെ വിദ്യാര്‍ഥികളുടെ പ്രാദേശിക ചരിത്രരചനകള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ജില്ലാ കണ്‍വീനറായിരുന്നപ്പോഴാണ് കുട്ടികള്‍ തയറാക്കുന്ന ‘മയില്‍പീലി’ എന്ന പത്രം ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രചരിപ്പിച്ചത്. പഠനം ആനന്ദകരമാക്കാന്‍ കുട്ടികളെ സഹായിക്കുന്ന പ്രത്യേക പ്രവര്‍ത്തനക്രമം ജില്ലയിലെ ഏതാനും വിദ്യാലയങ്ങളില്‍ പീതാംബരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. സര്‍വോദയ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ഗാന്ധിമാര്‍ഗ ഗ്രനഥകാരനാണ്. വിജ്ഞാന്‍ ദര്‍ശന്‍ എന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് അദ്ദേഹം മായന്നൂര്‍ സ്കൂളില്‍ നേതൃത്വം നല്‍കുന്നു. വിദ്യാര്‍ഥികളിലുള്ള കഴിവുകളെ കണ്ടത്തെുക, പരിപോഷിപ്പിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കൈനൂര്‍, ലാലൂര്‍ മലിനീകരണ വിരുദ്ധ സമരങ്ങളുടെ സഹായസമിതി കണ്‍വീനര്‍, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഫ്രന്‍ഡ്സ് ഓഫ് സൂ സെക്രട്ടറിയാണ്. നെഹ്രു യുവകേന്ദ്രയുടെ യൂത്ത് അവാര്‍ഡ്, യുവസാംസ്കാരിക പ്രവര്‍ത്തകനുള്ള സാംസ്കാരിക സദസ്സ് അവാര്‍ഡ്, സഹൃദയവേദിയുടെ ജി.കെ. കുറുപ്പ് സ്മാരക അവാര്‍ഡ്, ശ്രീനാരായണ സാഹിത്യ പരിഷത്ത് ആദരം എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചു. പരേതനായ കാരപ്പുറത്ത് രാമന്‍ നായരുടെയും പുത്തൂര്‍ മഠത്തില്‍ ശാരദമ്മയുടെയും മകനാണ്. ഒളരിക്കര നവജ്യോതി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ അസോ. പ്രഫ. വി. പ്രസന്നയാണ് ഭാര്യ. ഹരിപ്രസാദ്, കൃഷ്ണപ്രസാദ് എന്നിവരാണ് മക്കള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.