ജീവനക്കാരെ ആക്രമിച്ചു; സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി

അടിമാലി: സ്വകാര്യ ബസ് ജീവനക്കാരെ സംഘം ചേര്‍ന്ന് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അടിമാലി, രാജാക്കാട് മേഖലകളില്‍ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ബുധനാഴ്ച രാവിലെ മുതലാണ് ഈ മേഖലകളില്‍ മുന്നറിയിപ്പില്ലാതെ പണിമുടക്ക് ആരംഭിച്ചത്. ചൊവ്വാഴ്ച്ച രാത്രി 9.30ന് അടിമാലി ബസ് സ്റ്റാന്‍ഡിലും ഇതേദിവസം വൈകുന്നേരം ആറിന് സേനാപതിയിലും ബസ് ജീവനക്കാരെ സംഘം ചേര്‍ന്ന് എത്തിയവര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്. അടിമാലി സ്റ്റാാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് ബസ് ഒതുക്കുന്നതിനിടെ ഒരു കാല്‍നടക്കാരന്‍ ബസിന് കുറുകെ ചാടി. ഈ സംഭവത്തെച്ചൊല്ലി ഡ്രൈവറും യാത്രക്കാരനും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. ഇതിനിടെ, എന്‍.എം.എസ് ബസിലെ ഡ്രൈവര്‍ ആയിരമേക്കര്‍ മംഗലത്ത് ജോണി ജോസഫിന് പരിക്കേറ്റു. ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അടിമാലി മേഖലയില്‍ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ മുതല്‍ പണിമുടക്ക് ആരംഭിച്ചത്. അടിമാലിയില്‍നിന്ന് ചെമ്മണ്ണാറിന് സര്‍വീസ് നടത്തുകയായിരുന്ന രാജകുമാരി ബസ് സേനാപതിയില്‍ തടഞ്ഞ് കണ്ടക്ടര്‍ രാജാക്കാട് മനയത്ത് ബാബുപോളിനെ (38) സംഘമായി എത്തിയവര്‍ മര്‍ദിച്ചിരുന്നു. ബാബു പോളും അടിമാലി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാപാരികളുടെ കടയടപ്പ് സമരത്തോടൊപ്പം മുന്‍കൂട്ടി അറിയിക്കാതെ ബസുകാര്‍ നടത്തിയ പണിമുടക്ക് ജില്ലയിലെ 15 പഞ്ചായത്തുകളില്‍ ജനജീവിതം സ്തംഭിപ്പിച്ചു. പലയിടത്തും വാഹനങ്ങള്‍ കിട്ടാതെ യാത്രക്കാര്‍ കുടുങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.