പാട്ടുംകളിയുമായി മലയാളം പള്ളിക്കൂടത്തിന് ഹരിശ്രീ

തിരുവനന്തപുരം: നാടന്‍പാട്ടിന്‍െറ ശീലുകള്‍ മുഴങ്ങിയ പള്ളിക്കൂട മുറ്റത്തേക്ക് കാലെടുത്തുവെക്കുമ്പോള്‍ ആ കുരുന്നുകള്‍ക്ക് അല്‍പവും ആശങ്കയില്ലായിരുന്നു. ജൂണിലെ പ്രവേശോത്സവത്തിന്‍െറ കണ്ണീരും ചിരിയുമില്ലാതെ മലയാളത്തനിമയില്‍ അവര്‍ പുതിയൊരു പള്ളിക്കൂടത്തിലേക്ക് പടികയറി. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും കവി മധുസൂദനന്‍നായരും സാഹിത്യ അക്കാദമി പ്രസിഡന്‍റും നോവലിസ്റ്റുമായ പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയ പ്രമുഖരേക്കാളും അവരുടെ കണ്ണിലുടക്കിയത് കുരുത്തോലകൊണ്ടുണ്ടാക്കിയ കണ്ണടകളും തോരണങ്ങളുമായിരുന്നു. റോമന്‍ കലണ്ടര്‍ വര്‍ഷങ്ങള്‍ കണ്ട് പഴകിയവര്‍ക്ക് കൊല്ലവര്‍ഷം 1190 ചിങ്ങം ഒന്നിന് പുതിയൊരു കേരളപാഠത്തിന്‍െറ നാന്ദി കൗതുകമായി. പുതുതലമുറയെ മാതൃഭാഷാതല്‍പരരാക്കാന്‍ മണ്ണിലെഴുത്തും നാടന്‍പാട്ടുമായി ‘മലയാളം പള്ളിക്കൂടം’ ഒരുക്കിയത് കവി മധുസൂദനന്‍ നായരുടെ മേല്‍നോട്ടത്തിലാണ്. സെന്‍റര്‍ ഫോര്‍ കള്‍ചറല്‍ സ്റ്റഡീസിന്‍െറ നേതൃത്വത്തില്‍ എ.കെ.ജി സെന്‍ററിന് എതിര്‍വശത്തെ ഓര്‍ത്തഡോക്സ് സ്റ്റുഡന്‍റ്സ് സെന്‍ററില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന ക്ളാസ് കുഞ്ഞുങ്ങളിലൂടെ മാതൃഭാഷയുടെയും മണ്ണിന്‍െറയും മണം തിരികെപിടിക്കാനുള്ള ശ്രമമാണ്. ചിങ്ങം ഒന്നുമുതല്‍ കര്‍ക്കടകം വരെ ഒരു വര്‍ഷമാണ് ദൈര്‍ഘ്യം. നാല് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് മലയാള പള്ളിക്കൂടം ആരംഭിച്ചതെങ്കിലും മലയാളം അറിയാത്ത ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികള്‍ വരെ പള്ളികൂടത്തില്‍ ചേരാന്‍ എത്തുന്നുണ്ട്. മുതിര്‍ന്നവര്‍ക്കായി മറ്റൊരു ബാച്ച് ക്ളാസ് നടത്താനും ആലോചനയിലുണ്ട്. 30 ഓളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. മണലില്‍ അക്ഷരമെഴുതി പഠിക്കാനും കളികളിലൂടെയും കഥകളിലൂടെയും കേരളീയ സംസ്കാരവും പൈതൃകവും മനസ്സിലാക്കാനും അവസരമൊരുക്കും. പേനയും കടലാസും പരീക്ഷയും ഹോംവര്‍ക്കുമില്ലാത്ത പള്ളിക്കൂടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കടങ്കഥകളും മുത്തശ്ശിക്കഥകളും കേട്ട് വളരാം. കടലാസ് തോണിയും ഓലപ്പന്തും സ്വയമുണ്ടാക്കി കളിക്കാനും പ്രകൃതിയെയും ജീവജാലങ്ങളെയും അടുത്തറിയാനും അവസരമൊരുക്കും. ഏഴ് തിരിയിട്ട വിളക്കിലേക്ക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും പെരുമ്പടവം ശ്രീധരനും ചേര്‍ന്ന് ‘ഒരു സങ്കീര്‍ത്തനം പോലെ’ അഗ്നി പകര്‍ന്നതോടെ കുരുന്നുകളിലെ അറിവിന്‍ വെളിച്ചം ജ്വലിച്ചുതുടങ്ങി. കവികളായ ഒ.എന്‍.വിയും സുഗതകുമാരിയും അടക്കം പലതവണ ആവശ്യപ്പെട്ടിട്ടും മാതൃഭാഷയായ മലയാളത്തെ ഒന്നാംഭാഷയാക്കണമെന്ന പ്രഖ്യാപനം മാത്രം നടപ്പാകാത്തതില്‍ ലോക ചലച്ചിത്രകാരന്‍ അടൂര്‍ വേദന പങ്കുവെച്ചു. ഒന്നാംഭാഷാ പ്രഖ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോ തടസ്സംനില്‍ക്കുന്നുണ്ടെന്നും അടൂര്‍ ആശങ്ക പ്രകടിപ്പിച്ചു. മണലിലും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കല്ല് സ്ളേറ്റിലും ആദ്യക്ഷരങ്ങളെഴുതി ഹരിശ്രീ കുറിക്കും. ആദ്യം നിലത്തെഴുത്ത്, പിന്നെ നാടന്‍പാട്ടും കവിതയും കഥയും. അക്ഷര പാഠങ്ങളുടെ ‘തിയറി’ ക്ളാസുകള്‍ക്കപ്പുറം ഓലകൊണ്ടും കടലാസുകൊണ്ടുമെല്ലാം കളിപ്പാട്ടം നിര്‍മിക്കാനുള്ള ‘പ്രാക്ടിക്കല്‍’ ക്ളാസും. ഭാഷാപണ്ഡിതരുടെ മടിയിലിരുന്ന് കൊച്ചുകുട്ടികള്‍ക്ക് ഓലയില്‍ എഴുത്താണി ഉപയോഗിച്ച് എഴുതിപ്പഠിക്കാം. അടൂര്‍ ഗോപാലകൃഷ്ണന്‍ ‘ഒരു പെണ്ണും രണ്ടാണും’ സിനിമയില്‍ ഉപയോഗിച്ച കല്ല് സ്ളേറ്റുകള്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കുട്ടികള്‍ക്ക് കൈമാറി. കവികളായ പ്രഭാവര്‍മ, റോസ് മേരി, നാരായണ ഭട്ടതിരി, ജെസി നാരായണന്‍, ഫാ. ഗീവര്‍ഗീസ് മേക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കവി ഒ.എന്‍.വിയുടെ മകന്‍ രാജീവും കുട്ടികളും ചേര്‍ന്ന് ഒ.എന്‍.വി കവിതകളുടെ ആലാപനവും കുട്ടികളുടെ കാവ്യവിരുന്നും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.