പരാതിയുമായി വിദ്യാര്‍ഥികള്‍ പൊലീസിനരികില്‍

മങ്കട: യാത്രാക്ളേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി. മങ്കട ഗവ. ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും പൊലീസ് സഹായം ആവശ്യപ്പെട്ടും മങ്കട പൊലീസില്‍ പരാതി നല്‍കിയത്. മങ്കട ഗവ. ഹൈസ്കൂളിലെ മൂവായിരത്തിലധികം വരുന്ന കുട്ടികളില്‍ വലിയൊരു വിഭാഗം ലൈന്‍ ബസുകളെയാണ് ആശ്രയിക്കുന്നത്. കടന്നമണ്ണ, കോഴിക്കോട്ടുപറമ്പ, വെള്ളില തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നത്തെുന്ന വിദ്യാര്‍ഥികള്‍ക്ക് വൈകുന്നേരം ആറുമണിവരെ ബസ് കാത്തു നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. സ്കൂള്‍ നാലുമണിക്ക് വിടുന്നുണ്ടെങ്കിലും ബസുകളില്‍ കയറിപ്പറ്റാനുള്ള ശ്രമം കാരണം പലപ്പോഴും വൈകിയാണ് കുട്ടികള്‍ വീട്ടിലത്തെുന്നത്. ചില ബസുകള്‍ നിര്‍ത്താതെ പോകുന്നതായും പരാതിയുണ്ട്. ബസുകള്‍ വരുന്ന മുറക്ക് സാമര്‍ഥ്യമുള്ള കുട്ടികള്‍ കയറിപ്പറ്റുന്ന അവസ്ഥയാണുള്ളത്. കുട്ടികളെ വരിയായി നിര്‍ത്താനും കുട്ടികള്‍ കയറുന്നുണ്ടോ എന്ന് പരിശോധിക്കാനും അധ്യാപകരുടെയോ പൊലീസിന്‍െറയോ സഹായം ആവശ്യമാണ്. ഇക്കാര്യത്തില്‍ പൊലീസിന്‍െറ സഹായവും കുട്ടികള്‍ നിവേദനത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മങ്കട താഴെ അങ്ങാടിയില്‍ സ്കൂളിനടുത്തെ മഞ്ചേരി ഭാഗത്തേക്കുള്ള സ്റ്റോപ്പില്‍ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാല്‍ കുട്ടികള്‍ റോഡില്‍ നിരന്നാണ് ബസ് കാത്തു നില്‍ക്കുന്നത്. വളരെ വീതികുറഞ്ഞ ഈ ഭാഗത്ത് ഇത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇവിടെ സുരക്ഷിതമായ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പഞ്ചായത്തധികൃതരോ മറ്റോ ഇക്കാര്യത്തില്‍ ഒരു നടപടിയും എടുത്തിട്ടില്ല. മങ്കടയിലും മക്കരപ്പറമ്പിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ ക്ളേശങ്ങളുണ്ടെന്നും പ്രശ്നങ്ങളില്‍ ഇടപെടാറുണ്ടെന്നും മങ്കട എസ്.ഐ വി.ശിവദാസന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.